| Wednesday, 15th November 2023, 6:06 pm

ഗസയിലെ അല്‍ ശിഫ ആശുപത്രിയില്‍ ഇസ്രഈല്‍ നടത്തിയ റെയ്ഡിന് കാരണം യു.എന്നിന്റെ മൗനം: ജോര്‍ദാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക് : ഗസയിലെ അല്‍ ശിഫ ആശുപത്രിയില്‍ ഇസ്രഈല്‍ നടത്തിയ ക്രൂരമായ റെയ്ഡ് യു.എന്നിന്റെ നിശബ്ദതയിലൂടെയാണ് സാധ്യമായതെന്ന് സുരക്ഷാ കൗണ്‍സിലില്‍ ജോര്‍ദാന്‍.

‘അല്‍ ശിഫ ആശുപത്രിയിലെ ദാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത് ക്രൂരതകളോട് യു.എന്‍.എസ്.സി മൗനം പാലിക്കുന്നു എന്നാണ്,’ ഇസ്രഈലി സൈനികരുടെ അല്‍ ശിഫയിലെ ആക്രമണത്തെ പരാമര്‍ശിച്ച് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി ഐമാന്‍ സഫാദി എക്‌സില്‍ കുറിച്ചു.

‘ഈ ക്രൂരതയോടുള്ള നിശബ്ദതയെ ഞങ്ങള്‍ അപലപിക്കുന്നു. ഇത് യുദ്ധ കുറ്റങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നതിന് തുല്യമാണ്. അത് അംഗീകരിക്കാനും ന്യായീകരിക്കാനും സാധിക്കാത്തതാണ്. കൗണ്‍സില്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം,’ അദ്ദേഹം പറഞ്ഞു.

ഹമാസ് നേതാക്കള്‍ അല്‍ ശിഫ ആശുപത്രിയെ ഒളിത്താവളമായ ഉപയോഗിക്കുന്നെന്ന് ആരോപിച്ച് ഇസ്രഈല്‍ സേന ബുധനാഴ്ച അല്‍ ശിഫയില്‍ റെയ്ഡ് നടത്തിയിരുന്നു. ആയുധധാരികളായ ഇസ്രഈല്‍ സൈന്യം ആശുപത്രി ബേസ്‌മെന്റില്‍ തിരച്ചില്‍ നടത്തുകയും സമുച്ചയത്തിനുള്ളിലെ സര്‍ജിക്കല്‍ എമര്‍ജന്‍സി കെട്ടിടങ്ങൡ പ്രവേശിക്കുകയും ചെയ്തതായി ഗസയിലെ ആശുപത്രികളുടെ ജനറല്‍ ഡയറക്ടര്‍ ഡോ.മുനീര്‍ അല്‍ ബര്‍ഷ് അല്‍ ജസീറോട് പറഞ്ഞിരുന്നു. ആശുപത്രിയിലെ ജീവനക്കാരെയും രോഗികളെയും സൈന്യം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഗോഡൗണും ഇസ്രാഈല്‍ സൈന്യം തകര്‍ത്തതായി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഹമാസ് നേതാക്കള്‍ അല്‍ ശിഫ ആശുപത്രിയെ ഒളിത്താവളമാക്കിയെന്ന ഇസ്രഈലിന്റെ അവകാശവാദം ഹമാസ് നിഷേധിച്ചു.

Cntent highlight : Jordan says UN silence led to ‘barbarism’ of Israel’s Gaza hospital raid

We use cookies to give you the best possible experience. Learn more