| Tuesday, 23rd February 2021, 2:36 pm

ദുബായ്ക്കുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമേറുന്നു; ലത്തീഫയുടെ സഹോദരി ഷംസയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി ജോര്‍ദാന്‍ രാജ്ഞി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ദുബായ് രാജകുമാരി ഷംസയുടെ തിരോധാനത്തില്‍ വിവരങ്ങള്‍ തേടി ജോര്‍ദാന്‍ രാജ്ഞി. ഷംസയുടെ സഹോദരിയായ ലത്തീഫയെ ദുബായ് ഭരണാധികാരിയും പിതാവുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നൂര്‍ രാജ്ഞി ഷംസയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയത്.

കാണാതായ ആളുകളുടെ അന്വേഷണത്തിനായുള്ള അന്താരാഷ്ട്ര സംഘടനയിലെ അംഗമാണ് നൂര്‍ രാജ്ഞി. ട്വിറ്ററിലൂടെയായിരുന്നു രാജ്ഞി ഷംസയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയത്.

‘ലത്തീഫയുടെ സഹോദരി ഷംസയെവിടെ?,’ കഴിഞ്ഞ ദിവസം ജോര്‍ദാന്‍ രാജ്ഞി ട്വീറ്റ് ചെയ്തു.

ലത്തീഫയെ തടവിലാക്കിയിരിക്കുകയാണെന്ന ബി.ബി.സിയുടെ ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു രാജ്ഞിയുടെ ട്വീറ്റ്.

താന്‍ തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും തന്റെ ജീവന്‍ തന്റെ കയ്യിലല്ലെന്നും ലത്തീഫ രാജകുമാരി ബി.ബി.സിക്ക് നല്‍കിയ രഹസ്യ വീഡിയോയില്‍ പറഞ്ഞിരുന്നു.

2018ല്‍ ദുബായ് വിടാന്‍ ശ്രമിച്ചതിന് പിന്നാലെ അച്ഛന്‍ തന്നെ തടവിലാക്കിയിരിക്കുകയാണ് എന്ന് ലത്തീഫ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. താന്‍ തടവിലാണെന്നും ജീവനില്‍ ഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു.

നേരത്തെ ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ദുബായ് രാജകുടുംബം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ലത്തീഫയ്ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കി പരിപാലിച്ച് വരികയാണെന്നാണ് ലത്തീഫയുടെ ചിത്രത്തോടൊപ്പം പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

ഇതിന് പിന്നാലെ വിഷയത്തില്‍ യു.എ.ഇയുമായി സംസാരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ലത്തീഫ രാജകുമാരി ജീവനോടെയുണ്ടെന്നതിന് തെളിവ് നല്‍കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഏജന്‍സി ദുബായ് രാജകുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നാണ് ലത്തീഫയുടെ ചിത്രത്തോടൊപ്പം കുടുംബം പ്രസ്താവന പുറത്തുവിട്ടത്. എന്നാല്‍ ലത്തീഫയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ഒരു വിവരവും ഇതിനൊപ്പം പങ്കുവെച്ചിട്ടില്ല.

ലത്തീഫയുടെ പുറത്തുവന്ന വീഡിയോ സന്ദേശത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. വീഡിയോ സന്ദേശം ഞെട്ടിപ്പിക്കുന്നതാണെന്ന് യു.കെ പറഞ്ഞിരുന്നു. ലത്തീഫ പറയുന്ന കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ് എന്നാണ് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്.

ലത്തീഫ വീട്ടുതടങ്കലിലായ ശേഷം രഹസ്യമായി അവര്‍ക്ക് നല്‍കിയ ഫോണിലാണ് സന്ദേശം റെക്കോഡ് ചെയ്തത്. വീട്ടില്‍ ബാത്ത്‌റൂമിനുള്ളില്‍ മാത്രമേ വാതിലടക്കാന്‍ സാധിക്കൂ എന്നതുകൊണ്ടു തന്നെ അവിടെ വെച്ചാണ് ലത്തീഫ വീഡിയോകള്‍ ഷൂട്ട് ചെയ്തത്.

കുടുംബത്തിന്റെ പീഡനങ്ങളെ തുടര്‍ന്ന് ബോട്ടില്‍ ദുബായില്‍ നിന്ന് രക്ഷപ്പെട്ട ലത്തീഫ ഇന്ത്യയിലെത്തി യു.എസിലേക്ക് പോകാന്‍ ശ്രമിക്കവെ മുംബൈ തീരത്ത് വെച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി ദുബായ് ഭരണാധികാരികളെ ഏല്‍പ്പിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Jordan’s Queen asks for information on missing Dubai princess Shamsa

We use cookies to give you the best possible experience. Learn more