| Wednesday, 9th March 2022, 3:52 pm

രാജ്യദ്രോഹകുറ്റത്തിന് അബ്ദുല്ല രാജാവിനോട് മാപ്പ് ചോദിച്ച് ജോര്‍ദാന്‍ രാജകുമാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമ്മാന്‍: രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് മാപ്പ് പറഞ്ഞ് ജോര്‍ദാന്‍ രാജകുമാരന് ഹംസ ബിന്‍ ഹസന്‍. അബ്ദുല്ല രണ്ടാമന്‍ രാജാവിന് എഴുതിയ കത്തിലാണ് ഹംസ ഇക്കാര്യം പറയുന്നത്.

അബ്ദുല്ല രാജാവിന്റെ അര്‍ധ സഹോദരനാണ് ഹംസ ബിന്‍ ഹസന്‍. പരേതനായ ഹുസൈന്‍ രാജാവിന്റെ മക്കളാണ് ഇരുവരും. ജോര്‍ദാനിലെ ഹാഷിമൈറ്റ് രാജവാഴ്ചയെ ഹംസ രാജകുമാരന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രാജകുമാരനെ തടങ്കലിലടക്കുന്നത്.

മാര്‍ച്ച് 6നാണ് ഹംസ രാജാവിന് കത്തെഴുതിയത്. ജോര്‍ദാന്‍ ഔദ്യോഗിക അറബ് ന്യൂസാണ് കത്ത് പുറത്തുവിട്ടത്.

തന്റെ തെറ്റുകളുടെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നതായി ഹംസ കത്തില്‍ പറയുന്നു.

‘ഞാന്‍ ഒരു തെറ്റ് ചെയ്തു. രാജാവിനും നമ്മുടെ രാജ്യത്തിനുമെതിരെ ഞാന്‍ നടത്തിയ അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഞാന്‍ പൂര്‍ണമായും ഏറ്റെടുക്കുന്നു. നമ്മുടെ ജോര്‍ദാന്‍ ജനതയോടും നമ്മുടെ കുടുംബത്തോടും ചെയ്ത തെറ്റുകള്‍ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു,’ എന്ന് കത്തില്‍ രാജകുമാരന്‍ എഴുതി.

മാസങ്ങളോളം താന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നുവെന്നും ഹംസ കത്തില്‍ പറയുന്നു.

‘കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജാവിനും നമ്മുടെ രാജ്യത്തിനും എതിരെ ഞാന്‍ സ്വീകരിച്ച നിലപാടുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും രാജ്യദ്രോഹക്കേസിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കും ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. നിങ്ങള്‍ എല്ലാവരും എന്നോട് ക്ഷമിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പെരുമാറ്റങ്ങള്‍ക്കെല്ലാം ഞാന്‍ നിങ്ങളുടെ മഹത്വത്തോടും ജോര്‍ദാനിയന്‍ ജനതയോടും നമ്മുടെ കുടുംബത്തോടും ക്ഷമ ചോദിക്കുന്നു, ഇത് ഇനി ആവര്‍ത്തിക്കില്ല,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഹംസ രാജകുമാരനെ അമ്മാനിലെ വീട്ടില്‍ തടങ്കലില്‍ അടച്ചിരുന്നു. രമുന്‍ റോയല്‍ കോര്‍ട്ട് ചീഫ് ബാസെം അവദല്ല, രാജകുടുംബത്തിന്റെ അകന്ന ബന്ധുവായ ഷെരീഫ് ഹസന്‍ ബിന്‍ സെയ്ദ് എന്നിവരുമായി ചേര്‍ന്ന് രാജ്യദ്രോഹ കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല.

ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് അവദല്ലയെയും ബിന്‍ സെയ്ദിനെയും ജോര്‍ദാനിലെ സ്റ്റേറ്റ് സെക്യൂരിറ്റി കോടതി 15 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അവദല്ലയും തമ്മിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ കണ്ടെടുത്തിരുന്നു.ഇതിന്റെ പേരിലാണ് രാജകീയ കോടതിയുടെ മുന്‍ തലവനായ അവദല്ലയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

അവദല്ലയും മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള സന്ദേശങ്ങള്‍, ജോര്‍ദാന്‍ പൗരന്മാര്‍ക്ക് യു.എസുമായി വിവരങ്ങള്‍ കൈമാറാന്‍ വിദേശ ശക്തി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് കണക്കാക്കിയത്. ഇതേതുടര്‍ന്ന് ഇക്കാര്യം യു.എസ് പ്രസിഡന്റ് ജോ ബൈഡനെ അറിയിക്കുകയായിരുന്നു.

ജോര്‍ദാനില്‍ വര്‍ധിച്ചുവരുന്ന അശാന്തിയും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും കൊവിഡ് 19 പാന്‍ഡെമിക്കും, അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ ഭരണം അസ്ഥിരപ്പെടുത്തുന്നതിന് എങ്ങനെ എപ്പോള്‍ ഉപയോഗിക്കണമെന്ന് അവദല്ലയും ബിന്‍ സെയ്ദും ചര്‍ച്ച ചെയ്തിരുന്നു എന്നായിരുന്നു കുറ്റം.


Content Highlights: Jordan’s Prince Hamzah apologises to king for his plot ‘mistake’

We use cookies to give you the best possible experience. Learn more