| Thursday, 12th October 2023, 1:41 pm

ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ സമാധാനം ഉറപ്പിക്കാന്‍ സാധിക്കില്ല: ജോര്‍ദാന്‍ രാജാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമ്മാന്‍: പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കേണ്ടത് അത്യന്താപേക്ഷിതമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള.

‘അന്താരാഷ്ട്ര സമാധാനം നിലനിര്‍ത്താന്‍ ഇരു രാഷ്ട്രങ്ങളുടെയും രൂപീകരണം അത്യന്താപേക്ഷിതമാണ്. എന്നാല്‍ വര്‍ഷങ്ങളായി ഫലപ്രദമായ സാധ്യതകള്‍ ഒന്നും തന്നെ മേഖലയില്‍ നടക്കുന്നില്ല’ എന്ന് ജോര്‍ദാന്‍ രാജാവ് പറഞ്ഞു. ബുധനാഴ്ച നടന്ന ജോര്‍ദാന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1967 ലെ അറബ്- ഇസ്രഈല്‍ യുദ്ധത്തെ തുടര്‍ന്ന് ഇസ്രഈല്‍ പിടിച്ചെടുത്ത ഭൂമിയില്‍ പരമാധികാര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരാതെ മേഖലയിലെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് റോയിറ്റര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരു രാഷ്ട്രങ്ങളുടെ രൂപീകരണത്തിലൂടെ അല്ലാതെ സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും യുദ്ധത്തിന്റെ പേരില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടമാകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ദാന്‍ രാജാവാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെയെല്ലാം മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാറുള്ളത്. നിലവിലെ ഫലസ്തീന്‍-ഇസ്രഈല്‍ സാഹചര്യത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി അബ്ദുള്ള രാജാവ് ഫോണില്‍ സംസാരിച്ചിരുന്നു.

അമ്മാനിലെത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി മേഖലയിലെ ആശങ്കകള്‍ അറിയിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയാതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ജോര്‍ദാനിലെ ഭൂരിഭാഗം ജനവിഭാഗവും ഫലസ്തീനികളാണ്. കൂടാതെ വെസ്റ്റ് ബാങ്കുമായി ജോര്‍ദാന്‍ അതിര്‍ത്തി പങ്കിടുന്നുമുണ്ട്.
ചൊവ്വാഴ്ച അമ്മാനില്‍ ഇസ്രഈലിനെതിരെയുള്ള പ്രതിഷേധറാലി നടന്നിരുന്നു.

തുടര്‍ന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഹമാസിന് ഐക്യദാര്‍ഢ്യം മുഴക്കി മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ജോര്‍ദാന്‍ സര്‍ക്കാറിനോട് ഇസ്രഈല്‍ എംബസി അടച്ചിടാനും ആവശ്യപ്പെട്ടിരുന്നു.

ഇതുവരെ ഗസയില്‍ ഇസ്രഈല്‍ നടത്തിയ അക്രമത്തില്‍ 1,100 പേര്‍ മരിച്ചതായും 5,339 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇന്നലെ രാത്രി നടന്ന ഇസ്രഈലിന്റെ വ്യോമാക്രമണത്തില്‍ മാത്രം 51 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ പൗരന്മാരില്‍ 260 പേരും കുഞ്ഞുങ്ങളാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ നാലായിരത്തോളം പേരില്‍ പത്ത് ശതമാനവും കുഞ്ഞുങ്ങളാണ്. ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ(ഡി.സി.ഐ) റിപ്പോര്‍ട്ടനുസരിച്ച് 2005 മുതല്‍ ഗസയില്‍ നടന്ന ആറ് സൈനിക ആക്രമണങ്ങളില്‍ കുറഞ്ഞത് ആയിരം ഫലസ്തീന്‍ കുഞ്ഞുങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

Content Highlight: Jordan’s king says no stability in region without Palestinian state

We use cookies to give you the best possible experience. Learn more