| Saturday, 25th June 2022, 12:34 pm

മിഡില്‍ ഈസ്റ്റില്‍ ഒരു നാറ്റോ സമാനസഖ്യം രൂപീകരിക്കുകയാണെങ്കില്‍ പിന്തുണക്കാന്‍ തയാര്‍: ജോര്‍ദാന്‍ രാജാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമ്മന്‍: നാറ്റോക്ക് സമാനമായ ഒരു മിലിറ്ററി സഖ്യം മിഡില്‍ ഈസ്റ്റിലും രൂപീകരിക്കുകയാണെങ്കില്‍ അതിനെ പിന്തുണക്കാന്‍ തയാറാണെന്ന് ജോര്‍ദാന്‍ രാജാവ്. ഒരു മിഡില്‍ ഈസ്റ്റ് മിലിറ്ററി അലയന്‍സ് രൂപീകരിക്കുകയാണെങ്കില്‍ പിന്തുണക്കാമെന്നാണ് അബ്ദുല്ല രാജാവ് പറഞ്ഞത്.

” ‘മിഡില്‍ ഈസ്റ്റ് നാറ്റോ’യെ ചേര്‍ത്തുപിടിക്കുന്ന, പിന്തുണക്കുന്ന ആളുകളില്‍ ആദ്യത്തെ ഒരാളായിരിക്കും ഞാന്‍,” സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല പറഞ്ഞു.

റഷ്യ- ഉക്രൈന്‍ യുദ്ധവും നാറ്റോയുടെ ഇടപെടലുകളും ശക്തമായിരിക്കുന്ന ഈയൊരു സമയത്ത് യു.എസിന്റെ അടുത്ത സഖ്യരാജ്യമായ ജോര്‍ദാന്റെ ഭരണാധികാരിയില്‍ നിന്നുള്ള പ്രസ്താവന ശ്രദ്ധേയമാണ്.

”പ്രദേശത്തെ കൂടുതല്‍ രാജ്യങ്ങള്‍ ഈ കൂട്ടത്തിലേക്ക് ചേരുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു സൈനിക സഖ്യം രൂപപ്പെടുത്തുമ്പോള്‍ അതിന്റെ ഫ്രേംവര്‍ക്ക് അത്രയും വ്യക്തമായിരിക്കണം, അതിന്റെ ലക്ഷ്യം കൃത്യമായി നിര്‍വചിക്കപ്പെട്ടതായിരിക്കണം.

മിഷന്റെ പ്രസ്താവന കൃത്യമായിരിക്കണം. അല്ലാത്തപക്ഷം അത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കും,” അബ്ദുല്ല രാജാവ് കൂട്ടിച്ചേര്‍ത്തു.

നാറ്റോക്കൊപ്പം ആക്ടീവായി പ്രവര്‍ത്തിച്ച രാജ്യമാണ് ജോര്‍ദാന്‍ എന്നും നാറ്റോയിലെ ഒരു അംഗരാജ്യത്തെപ്പോലെ തന്നെയാണ് സ്വയം കാണുന്നതെന്നും നാറ്റോ സൈന്യത്തിനൊപ്പം പതിറ്റാണ്ടുകളായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അബ്ദുല്ല രാജാവ് പറഞ്ഞു.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ ഒരുമിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

നാറ്റോയില്‍ അംഗമല്ലെങ്കില്‍ പോലും നാറ്റോയുടെ മിലിറ്ററി എക്‌സര്‍സൈസുകളില്‍ പങ്കെടുക്കുന്ന രാജ്യമാണ് ജോര്‍ദാന്‍.

നാറ്റോയിലെ പ്രധാന അംഗരാജ്യമാണ് അമേരിക്ക. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് അബ്ദുല്ല രാജാവിന്റെ ‘മിഡില്‍ ഈസ്റ്റ് നാറ്റോ’ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

28 യൂറോപ്യന്‍ രാജ്യങ്ങളും രണ്ട് നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളുമടങ്ങിയ 30 അംഗ മിലിറ്ററി സഖ്യമാണ് നാറ്റോ (North Atlantic Treaty Organization).

Content Highlight: Jordan’s King Abdullah says he would support the formation of a Middle East military alliance similar to NATO 

We use cookies to give you the best possible experience. Learn more