ജെറുസലേം: ഗസയിലെ ഫീൽഡ് ഹോസ്പിറ്റലിലേക്ക് അടിയന്തര വൈദ്യസഹായം എത്തിച്ച് ജോർദാൻ രാജാവ് അബ്ദുള്ള. യുദ്ധത്തിൽ പരിക്കേറ്റ നമ്മുടെ സഹോദരങ്ങളെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് ജോർദാൻ രാജാവ് പറഞ്ഞു.
2009 മുതൽ ഗസയിലെ ഫീൽഡ് ഹോസ്പിറ്റലിലേക്ക് ജോർദാൻ വ്യോമസേന അടിയന്തര വൈദ്യസഹായം നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞങ്ങളുടെ നിർഭയരായ വ്യോമസേന ഉദ്യോഗസ്ഥർ ഗസയിലെ ജോർദാനിയൻ ഫീൽഡ് ഹോസ്പിറ്റലിലേക്ക് അർദ്ധരാത്രിയിൽ അടിയന്തര വൈദ്യസഹായം നൽകി. ഗസ യുദ്ധത്തിൽ പരിക്കേറ്റ നമ്മുടെ സഹോദരങ്ങളെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്.
നമ്മുടെ ഫലസ്തീൻ സഹോദരങ്ങൾക്കായി ഞങ്ങൾ എപ്പോഴും ഉണ്ടാകും,’ അദ്ദേഹം തൻ്റെ എക്സ് അക്കൗണ്ടിലൂടെ പറഞ്ഞു.
ഇസ്രഈൽ ബോംബ് ആക്രമണത്തിൽ ജോർദാനിയൻ ഫീൽഡ് ഹോസ്പിറ്റൽ നിരന്തരമായ ഭീഷണി നേരിടുകയാണെന്നും അവശ്യസാധനങ്ങളുടെ അഭാവം മൂലം പ്രവർത്തനം ഉടൻ അവസാനിപ്പിക്കുമെന്നും സൗദിഅറേബ്യയുടെ വക്താവ് പറഞ്ഞതായി അറബ് ന്യൂസ് കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച 18 യു.എൻ ഏജൻസികളുടെയും എൻ.ജി.ഒകളുടെയും തലവന്മാർ ഉപരോധത്തെ അപലപിക്കുകയും ഉടനടി മാനുഷിക സഹായം ഗസയിൽ എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.
മറ്റ് അറബ് രാജ്യങ്ങളെ പോലെ ജോർദാനും ഇസ്രഈൽ നടത്തിയ ബോംബ് ആക്രമണത്തെ ശക്തമായി അപലപിച്ചു.
നിലവിൽ ഗസയിൽ ഇസ്രഈൽ ബോംബാക്രമണത്തിൽ 9,922 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 4000 ത്തിലധികം പേരും കുട്ടികളാണ്.
Content Highlight: Jordan king gave medical help for Gaza hospital