| Wednesday, 20th December 2023, 4:48 pm

സൗദി ലീഗ് കാണാന്‍ കാരണക്കാരന്‍ അവനാണ്; വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗ് കാണാന്‍ തുടങ്ങിയതിന്റെ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗില്‍ എത്തിയതിനുശേഷമാണ് താന്‍ സൗദി ലീഗ് കാണാന്‍ തുടങ്ങിയതെന്നാണ് ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞത്.

‘ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ എത്തിയതിന് ശേഷമാണ് ഞാന്‍ സൗദി ലീഗ് കാണാന്‍ തുടങ്ങിയത്,’ ഹെന്‍ഡേഴ്‌സണ്‍ 9 എന്‍.എഫ്.സി ബോളിലൂടെ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമാണ് റൊണാള്‍ഡോ സൗദി വമ്പന്‍മാരായ അല്‍ നസറിലെത്തുന്നത്. അല്‍ നസറിനായി 41 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളും 12 അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്.

ഈ സീസണിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. ഇതിനോടകം തന്നെ 19 ഗോളുകളും പത്ത് അസിസ്റ്റുകളും റോണോ സ്വന്തമാക്കിയിട്ടുണ്ട്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ മികവില്‍ മികച്ച മുന്നേറ്റമാണ് സൗദിയില്‍ അല്‍ നസര്‍ നടത്തുന്നത്. നിലവില്‍ സൗദിയില്‍ 16 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 12 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 37 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.

റൊണാള്‍ഡോയുടെ അല്‍ നസറിലേക്കുള്ള മാറ്റം ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വിപ്ലവാത്മകരമായ മാറ്റമാണ് ഉണ്ടാക്കിയത്. റൊണാള്‍ഡോക്ക് പിന്നാലെ യൂറോപ്പിലെ വമ്പന്‍ താരങ്ങളായ കരിം ബെന്‍സിമ, സാദിയോ മാനേ, ഫാബീഞ്ഞോ എന്നീ താരങ്ങള്‍ സൗദിയിലേക്ക് ചേക്കേറിയിരുന്നു.

ലിവര്‍പൂളിനൊപ്പം 13 വര്‍ഷത്തെ നീണ്ട കരിയര്‍ അവസാനിപ്പിച്ച് സൗദി ക്ലബ്ബായ അല്‍ ഇത്തിഫാക്കിലേക്ക് ഹെന്‍ഡേഴ്‌സണും ചേക്കേറിയിരുന്നു. സൗദി ക്ലബ്ബിനൊപ്പം 17 മത്സരങ്ങള്‍ കളിച്ച ഹെന്‍ഡേഴ്‌സണ്‍ അഞ്ച് അസിസ്റ്റുകള്‍ നേടിയിട്ടുണ്ട്.

Content Highlight: Jordan Henderson talks Cristaino Ronaldo is the reason of he watching Saudi pro league.

We use cookies to give you the best possible experience. Learn more