അമ്മന്‍: ജോര്‍ദാനില്‍ സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ച് 12 വയസുകാരന്‍ മരിച്ചു. ആമിര്‍ മുഹമ്മദ് ഹസന്‍ അല്‍-റിഫായ് ആണ് മരിച്ചത്.
ശ്വാസകോശത്തിനും ദഹന വ്യവസ്ഥയ്ക്കും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്.
ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാന്‍ ജോര്‍ദാന്‍ സര്‍ക്കാരിന്റെ സഹായം ആമിറും പിതാവും അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടി മരിച്ചത്.
കുഞ്ഞിന്റെ മരണത്തിന് പിന്നാലെ രാജ്യവ്യാപകമായി ജോര്‍ദാന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമുയരുകയാണ്.
ചൊവ്വാഴ്ച രാജ്യത്തെ പ്രിന്‍സസ് റഹ്മ ആശുപത്രിയില്‍ വെച്ചാണ് ആമിര്‍ മരിക്കുന്നത്. മരണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആമിര്‍ ഒരു വീഡിയോയിലൂടെ തന്റെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
”എനിക്ക് മടുപ്പും ക്ഷീണവും തോന്നുന്നു. എന്റെ പിതാവ് പാവപ്പെട്ടവനാണ്, എനിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ആര്‍ക്കും എന്നെ സഹായിക്കാന്‍ താല്‍പര്യമില്ല. ഞാന്‍ ദൈവത്തിനോട് എല്ലാം പറയും,” എന്നായിരുന്നു മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആമിര്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്.
ഈ വീഡിയോ ജോര്‍ദാനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആളുകള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ആമിറിന്റെ പിതാവും ജോര്‍ദാന്‍ സര്‍ക്കാരിന്റെയും അധികൃതരുടേയും സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് മുമ്പ് വീഡിയോ സന്ദേശങ്ങള്‍ പുറത്ത് വിട്ടിരുന്നു. വിദേശത്ത് ചികിത്സയ്ക്കായി മകനെ അയയ്ക്കാന്‍ വേണ്ട സഹായം ചെയ്യണമെന്നായിരുന്നു ആമിറിന്റെ അച്ഛന്‍ ആവശ്യപ്പെട്ടത്.
”എനിക്ക് എന്റെ മറ്റ് മൂന്ന് മക്കളെ ഇതേ രോഗം കാരണം നഷ്ടപ്പെട്ടിട്ടുണ്ട്. 10 വര്‍ഷത്തിലധികമായി ഞാന്‍ അധികൃതരോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. എന്നാല്‍ ഒന്നും നടന്നില്ല,” ആമിറിന്റെ പിതാവ് പറഞ്ഞു.