| Tuesday, 6th April 2021, 7:23 pm

'രാജകുമാരനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്,' ജനങ്ങള്‍ക്ക് പരിപൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി ജോര്‍ദാന്‍; പിന്തുണ ആവര്‍ത്തിച്ച് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമാന്‍: ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അര്‍ധ സഹോദരന്‍ ഹംസ രാജകുമാരനെ കുറിച്ചുള്ള ഒരു വിവരവും പ്രസിദ്ധീകരിക്കരുതെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച് ജോര്‍ദാന്‍. ഹംസ രാജകുമാരന്‍ ജോര്‍ദാനിലെ രാജഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജകുമാരനെ കുറിച്ചോ അട്ടിമറിശ്രമത്തെ കുറിച്ചോ യാതൊന്നും പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

‘ഇപ്പോള്‍ നടന്നുവരുന്ന അന്വേഷണങ്ങളുടെ രഹസ്യ സ്വഭാവം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. ഹംസ രാജകുമാരനെ കുറിച്ചും മറ്റുള്ളവരെ കുറിച്ചുമുള്ള ഒരു വിവരവും ഒരു മാധ്യമത്തിലും പ്രസിദ്ധീകരിക്കരുതെന്ന് പ്ലബിക് പ്രോസിക്യൂട്ടര്‍ തീരുമാനമെടുത്തിരിക്കുകയാണ്. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും എല്ലാ മാധ്യമങ്ങളെയും വിലക്കിയിരിക്കുകയാണ്,’ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ജോര്‍ദാന്‍ രാജകുടുംബത്തിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന ഹംസ രാജകുമാരനെ 2004ലാണ് കിരീടവകാശി സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നത്. തുടര്‍ന്നും ഭരണത്തിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ഹംസ രാജകുമാരന്‍ ശബ്ദമുയര്‍ത്തിയിരുന്നു.

എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ രാജകുടുംബത്തിനെതിരെയുള്ള വികാരം ശക്തിപ്പെടുത്തി ഭരണം അട്ടിമറിക്കാനാണ് രാജകുമാരന്‍ ശ്രമിക്കുന്നതെന്നായിരുന്നു രാജകുടുംബത്തിന്റെ ആരോപണം.

തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും ഇന്റര്‍നെറ്റും മറ്റു സൗകര്യങ്ങളും നിഷേധിച്ചിരിക്കുകയാണെന്നും കഴിഞ്ഞ ആഴ്ച പുറത്തുവന്ന ഒരു വീഡിയോയില്‍ ഹംസ രാജകുമാരന്‍ വെളിപ്പെടുത്തിയിരുന്നു. ബി.ബി.സിയിലായിരുന്നു ഹംസ രാജകുമാരന്റെ വീഡിയോ വന്നത്. ആര്‍ക്കും ഇവിടെ സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സാധിക്കുന്നില്ലെന്നും രാജകുമാരന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാല്‍ അബ്ദുള്ള രാജാവിനോടും രാജകുടുംബത്തിനോടും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും തന്റെ കടമയും വിശ്വസ്തതയും രാജാവിനോടായിരിക്കുമെന്നും ഹംസ രാജകുമാരന്‍ പറയുന്ന പ്രസ്താവന തിങ്കളാഴ്ച പുറത്തുവന്നിരുന്നു. രാജകുമാരന്റെ കൈയ്യൊപ്പോട് കൂടിയ പ്രസ്താവനയാണ് പുറത്തുവന്നത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചോ അട്ടിമറി ശ്രമങ്ങളെ കുറിച്ചോ ഒരു പ്രതികരണവും നടത്തരുതെന്ന് ജനങ്ങള്‍ക്ക് ജോര്‍ദാന്‍ രാജാവ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്രത്തിനുള്ള കടന്നുകയറ്റമാണ് രാജാവിന്റെ നടപടിയെന്നാണ് ഇതിനെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

അതേസമയം ഈ നടപടികള്‍ക്ക് ശേഷവും ജോര്‍ദാനുള്ള പിന്തുണ സൗദി അറേബ്യ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇതു സംബന്ധിച്ച പ്രസ്താവന അയച്ചുവെന്നാണ് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ തിങ്കളാഴ്ച ജോര്‍ദാന്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Jordan Bans Media Coverage Of Royal Rift, Saudi Reaffirms Support

Latest Stories

We use cookies to give you the best possible experience. Learn more