ഒറ്റ റൺസിൽ സഞ്ജുവിന്റെ രക്ഷകനെ വീഴ്ത്തി ജോണിയുടെ കുതിപ്പ്; ചരിത്രനേട്ടത്തിൽ പഞ്ചാബ് സിംഹം
Cricket
ഒറ്റ റൺസിൽ സഞ്ജുവിന്റെ രക്ഷകനെ വീഴ്ത്തി ജോണിയുടെ കുതിപ്പ്; ചരിത്രനേട്ടത്തിൽ പഞ്ചാബ് സിംഹം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th April 2024, 3:54 pm

ഐ.പി.എല്ലിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റുകൾക്ക് തകർത്തുക്കൊണ്ട് പഞ്ചാബ് കിങ്സ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ഹോം ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 261 എന്ന കൂറ്റൻ ടോട്ടൽ ആണ് പഞ്ചാബിന് മുന്നിൽ പടുത്തുയർത്തിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് എട്ട് പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോണി ബെയര്‍‌സ്റ്റോയുടെ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് ജയിച്ചു കയറിയത്. 48 പന്തില്‍ പുറത്താവാതെ 108 റണ്‍സ് നേടി കൊണ്ടായിരുന്നു ബെയര്‍‌സ്റ്റോയുടെ തകര്‍പ്പന്‍ പ്രകടനം. 225 സ്‌ട്രൈക്ക് റേറ്റില്‍ എട്ട് ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്‌സുകളും ആണ്  താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് ബെയര്‍‌സ്റ്റോ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ 200+ റണ്‍സ് ചെയ്സ് ചെയ്ത മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന നാലാമത്തെ താരമായി മാറാനാണ് ബെയര്‍‌സ്റ്റോക്ക് സാധിച്ചത്.

ഈ സീസണില്‍ തന്നെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ രാജസ്ഥാനുവേണ്ടി 107 റണ്‍സ് നേടിയ ജോസ് ബട്‌ലറിനെ മറികടന്നുകൊണ്ടായിരുന്നു ബെയര്‍‌സ്റ്റോയുടെ മുന്നേറ്റം.

ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് താരം മാര്‍ക്കസ് സ്റ്റോണിസ് ആണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ 124 റണ്‍സ് ആണ് സ്റ്റോണിസ് നേടിയത്. 2021ല്‍ പഞ്ചാബ് കിങ്സിനെതിരെ സഞ്ജു സാംസണ്‍ നേടിയ 119 റണ്‍സും 2010ല്‍ കൊല്‍ക്കത്തക്കെതിരെ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ദ്ധന നേടിയ 110 റണ്‍സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

ബെയര്‍‌സ്റ്റോക്ക് പുറമെ ശശാങ്ക് സിങ് 28 പന്തില്‍ 68 റണ്‍സും പ്രഭ്‌സിമ്രാന്‍ സിങ് 20 പന്തില്‍ 54 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

അതേസമയം കൊല്‍ക്കത്തക്കായി ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്നും മികച്ച പ്രകടനമാണ് നടത്തിയത്. 37 പന്തില്‍ 75 റണ്‍സ് നേടി കൊണ്ടായിരുന്നു സാള്‍ട്ടിന്റെ തകര്‍പ്പന്‍ പ്രകടനം. ആറു വീതം ഫോറുകളും സിക്സുകളും ആണ് ഇംഗ്ലണ്ട് സൂപ്പര്‍താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 202.70 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

32 പന്തില്‍ 71 റണ്‍സായിരുന്നു നരെയ്ന്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും നാല് സിക്സുകളും ആണ് നരെയന്‍ നേടിയത്. 221.88 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു വിന്‍ഡീസ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഇരുവരും ചേര്‍ന്ന് 138 റണ്‍സ് ആണ് ഓപ്പണിങ്ങില്‍ പടുത്തുയര്‍ത്തിയത്.

നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ആറ് തോല്‍വിയും അടക്കം ആറ് പോയിന്റോടെ എട്ടാം സ്ഥാനത്താണ് പഞ്ചാബ്. മെയ് ഒന്നിന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. സൂപ്പര്‍ കിങ്സിന്റെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: Jony Bairstow great performance against Kolkata Knight Riders in IPL