കഴിഞ്ഞ ദിവസം പഞ്ചാബ്- മുംബൈ മത്സരത്തിന് ശേഷമുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മത്സര ശേഷം ഇരുടീമുകളിലെയും കളിക്കാരും ഒഫീഷ്യലുകളും ഗ്രൗണ്ടില്‍വെച്ച് പരസ്പരം ഹസ്തദാനത്തിലൂടെ സന്തോഷം പങ്കിടുന്നതിനിടെയായിരുന്നു രസകരമായ സംഭവം അരങ്ങേറിയത്.
പഞ്ചാബ് നിരയിലുണ്ടായിരുന്ന പ്രമുഖനായിരുന്ന സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫീല്‍ഡര്‍ ജോണ്ടി റോഡ്സും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും തമ്മിലുള്ള രസകരമായ വീഡിയോയാണിത്.
സച്ചിനെ കണ്ട ജോണ്ടി കാലില്‍ തൊട്ടുവന്ദിക്കാന്‍ ശ്രമിക്കുമ്പോള്‍ സച്ചിന്‍ അത് സ്‌നേഹത്തോടെ നിരസിക്കുന്നതാണ് വീഡിയോയിലുള്ളത്. ജോണ്ടി സച്ചിന്റെ കാലില്‍ പിടച്ച ശേഷം താരത്തെ കെട്ടിപ്പിടിച്ച് പരസ്പരം ചിരിക്കുകയും ചെയ്തു.
നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ കാല്‍തൊട്ട് വന്ദിക്കുന്ന സ്ത്രീകളുടെ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സച്ചിന്റെ പ്രവൃത്തി കേരളത്തിലടക്കം ചര്‍ച്ചയാകുന്നത്.
പഞ്ചാബ് ടീമിന്റെ ഫീല്‍ഡിങ് കോച്ച് കൂടിയാണ് ജോണ്ടി റോഡ്സ്. 2020ല്‍ പഞ്ചാബ് കിംഗ്‌സിലേക്ക് ചേരുന്നതിന് മുമ്പ്, ജോണ്ടി റോഡ്‌സ് വര്‍ഷങ്ങളോളം മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. ടീമിനൊപ്പമുള്ള സമയത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം റോഡ്സ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം, തുടര്‍ച്ചയായ തോല്‍വികളോടെ ഈ സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. ഐ.പി.എല്‍ പോയിന്റ് പട്ടികയുടെ ഏറ്റവും ഒടുവിലത്തെ സ്ഥാനത്താണു മുംബൈ ഇന്ത്യന്‍സിപ്പോള്‍.
ഐ.പി.എലില്‍ അഞ്ചുവട്ടം ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഈ സീസണില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും തോല്‍വിയാണ് കഴിഞ്ഞ മത്സരത്തിലുള്ളത്. ബുധനാഴ്ച പഞ്ചാബ് കിങ്സിനോട് 12 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി.