| Monday, 2nd September 2024, 7:38 pm

അവൻ അലൻ ഡൊണാൾഡിനെ പോലെയാണ്; ഇന്ത്യൻ താരത്തെക്കുറിച്ച് ജോണ്ടി റോഡ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍താരം മായങ്ക് യാദവിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സ്. മായങ്ക് യാദവ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ പേസര്‍ അലന്‍ ഡൊണാള്‍ഡിനെ പോലെയാണെന്നാണ് ജോണ്ടി റോഡ്‌സ് പറഞ്ഞത്. ഐ.എ.എന്‍.എസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനൊരു ബൗളിങ് പരിശീലകന്‍ അല്ല, എന്നാല്‍ കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ മായങ്ക് യാദവിന് പരിക്കേറ്റപ്പോള്‍ മോണി മോര്‍ക്കല്‍ പറഞ്ഞു അവന്‍ ബൗളര്‍മാരുടെ റോഡ്‌സ് റോയ്‌സിന് പോലെയാണെന്ന്. ഞങ്ങള്‍ അലന്‍ ഡൊണാള്‍ഡിനെ എങ്ങനെ റോള്‍ഡ് റോയ്‌സ് എന്നു വിളിച്ചിരുന്നു അതുപോലെയാണ് അവനും. എല്‍.എസ്.ജിയുടെ റോള്‍ഡ്‌സ് റോയ്‌സ് ആണ് മായങ്ക്,’ ജോണ്ടി റോഡ്‌സ് പറഞ്ഞു.

കഴിഞ്ഞ സീസണിലെ മായങ്കിന്റെ പ്രകടനങ്ങളെ കുറിച്ചും ജോണ്ടി റോഡ്‌സ് പറഞ്ഞു.

‘അദ്ദേഹത്തിന് ടീമിനൊപ്പം ഒരു സീസണ്‍ മുഴുവന്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് അവനെ ടീം ഉടമകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉടനീളം അദ്ദേഹം ടീമിനൊപ്പം തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചു. കാരണം അവന്‍ മികച്ച കഴിവുള്ള യുവതാരമാണ്. അവനെ ഞങ്ങള്‍ ഒരുപാട് വിശ്വസിക്കുന്നു. അവന്‍ ടീമിനായി കളിച്ച മത്സരങ്ങളില്‍ എല്ലാം ഞങ്ങള്‍ നല്ല രീതിയില്‍ നിരീക്ഷിച്ചു,’ ജോണ്ടി റോഡ്‌സ് കൂട്ടിച്ചേര്‍ത്തു.

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമായിരുന്നു മായങ്ക് യാദവ്. ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞുകൊണ്ടാണ് മായങ്ക് ശ്രദ്ധ നേടിയത്. എന്നാല്‍ പരിക്കു പറ്റിയതിനു പിന്നാലെ താരത്തിന് ഐ.പി.എല്‍ നഷ്ടമാവുകയായിരുന്നു.

ലഖ്നൗവിനായി നാല് മത്സരങ്ങളില്‍ മാത്രമേ താരത്തിന് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. എന്നാല്‍ ഈ നാലു മത്സരങ്ങളില്‍ നിന്നും ഏഴ് വിക്കറ്റുകളാണ് താരം നേടിയെടുത്തത്. 6.99 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

പഞ്ചാബ് കിങ്സിനെതിരെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ആദ്യമത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മത്സരത്തിലെ പ്ലെയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.

പിന്നീട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നാല്ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളാണ് മായങ്ക് വീഴ്ത്തിയത്. 3.5 എക്കോണമിയിലാണ് യാദവ് പന്തെറിഞ്ഞത്.

ഈ മത്സരത്തിലും കളിയിലെ താരമാവാന്‍ മായങ്കിന് സാധിച്ചിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഒരു താരം ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും തുടര്‍ച്ചയായി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്നത് ഇതാദ്യമായിട്ടായിരുന്നു.

Content Highlight: Jonty Rhodes Praises Mayank Yadav

We use cookies to give you the best possible experience. Learn more