ടി-20 ലോകകപ്പിന്റെ ആവേശം അല തല്ലവെ ഇന്ത്യന്‍ ആരാധകര്‍ക്ക് ആഘോഷത്തിന് വകയൊരുക്കി ബി.സി.സി.ഐ. ടി. ദിലീപിന് പകരം ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്‌സ് ഇന്ത്യന്‍ മെന്‍സ് ടീമിന്റെ ഫീല്‍ഡിങ് കോച്ചായി ചുമതലയേറ്റേക്കുമെന്ന് റിപ്പോര്‍ട്ട്. റേവ്‌സ്‌പോര്‍ട്‌സിനെ ഉദ്ധരിച്ച് ക്രിക്കറ്റ് അഡിക്ടര്‍ അടക്കമുള്ള കായികമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ പ്രധാന പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബി.സി.സി.ഐ ജോണ്ടി റോഡ്‌സിനെ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി എത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
ബി.സി.സി.ഐ പ്രോട്ടിയാസ് ഇതിഹാസവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നേരത്തെ അഞ്ച് വര്‍ഷത്തോളം മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് കോച്ചായ റോഡ്‌സ് നിലവില്‍ ഐ.പി.എല്‍ സൂപ്പര്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഫീല്‍ഡിങ് കോച്ചാണ്. ഗൗതം ഗംഭീര്‍ ലഖ്‌നൗവിന്റെ മെന്ററായിരിക്കെ ജോണ്ടി റോഡ്‌സ് ഇന്ത്യന്‍ സൂപ്പര്‍ താരത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
2019ല്‍ ജോണ്ടി റോഡ്‌സ് ഈ സ്ഥാനത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും രവി ശാസ്ത്രിയുടെ നിര്‍ദേശപ്രകാരം ആര്‍. ശ്രീധറിനെ വീണ്ടും ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായി അപെക്‌സ് ബോര്‍ഡ് വീണ്ടും നിയമിക്കുകയായിരുന്നു.
എന്നാല്‍ നിലവിലെ ഫീല്‍ഡിങ് കോച്ചായ ടി. ദിലീപ് ഈ സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിച്ചാല്‍ ബി.സി.സി.ഐക്ക് വലിയ തലവേദന സൃഷ്ടിച്ചേക്കും. നിലവില്‍ ദിലീപിന് കീഴില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
തന്റെ കീഴില്‍ ബൗളര്‍മാര്‍ എപ്രകാരമാണ് മികച്ച ഫീല്‍ഡര്‍മാരായി മാറുന്നതെന്ന് ദിലീപ് നേരത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ ലോകകപ്പില്‍ മുഹമ്മദ് സിറാജ് ഏറ്റവും മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ രണ്ട് തവണ കരസ്ഥമാക്കിയത് ഇതിന്റെ തെളിവാണ്.