ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് മത്സരത്തില്‍ മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ കാഴ്ചവെക്കുന്നത്. രണ്ടാം ടെസ്റ്റിലെ ന്യൂസിലാന്‍ഡിനെതിരെയുള്ള ചരിത്ര വിജയത്തിന് 136 റണ്ണുമായി ചുക്കാന്‍ പിടിച്ചത് ബെയര്‍സ്റ്റോയായിരുന്നു.
ഇപ്പോഴിതാ മൂന്നാം ടെസ്റ്റിലും തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ സെഞ്ച്വറി നേടികൊണ്ട് കരകയറ്റുകയാണ് താരം. 17ല്‍ മൂന്ന് എന്ന നിലയിലായിരുന്നു ബെയര്‍സ്‌റ്റോ ക്രീസിലെത്തുന്നത്. പിന്നീട് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിട്ടും ബെയര്‍സ്‌റ്റോ 130 റണ്ണുമായി പാറ പോലെ ഉറച്ചു നില്‍ക്കുകയാണ്.
126 പന്തിലാണ് താരം 130 റണ്‍ നേടിയത് കഴിഞ്ഞ മത്സരത്തില്‍ വെറും 92 പന്തിലാണ് ബെയര്‍സ്റ്റോ 136 റണ്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ സ്ഥിരശൈലിയെ വെല്ലുവിളിക്കുന്ന തരത്തിലാണ് ബെയര്‍സ്റ്റോയുടെ പ്രകടനങ്ങള്‍.
ഇതാണ് തന്റെ ശൈലിയെന്നും ഇങ്ങനെ കളിക്കാനാണ് തനിക്ക് താല്‍പര്യമെന്നും രണ്ടാം ദിവസത്തെ കളിക്ക് ശേഷം ബെയര്‍സ്റ്റോ പറഞ്ഞു. താന്‍ കുട്ടികാലം തൊട്ട് ഇങ്ങനെയാണ് കളിക്കുന്നുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ സംശയിക്കുന്നവരെ കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് എപ്പോഴും കളിക്കാന്‍ കഴിയുന്ന രീതി ഇതാണ്. ക്രീസില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ വ്യക്തിത്വമാണ് പുറത്തുവരുന്നതെന്ന് ഞാന്‍ ഊഹിക്കുന്നു. ക്രീസില്‍ ഞാന്‍ കൂടുതല്‍ റിലാക്‌സ്ഡായി അത്ര ടെന്‍ഷനൊന്നുമില്ലാതെ നില്‍ക്കും. ഞാന്‍ എന്റെ യൗവ്വനത്തിലേക്ക് മടങ്ങുകയായിരുന്നു. അവിടെ ഞാന്‍ പന്ത് നോക്കുകയും പന്ത് കാണുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ വ്യത്യസ്തമായ പല കാര്യങ്ങളെപ്പറ്റിയും ധാരാളം റബ്ബിഷുകള്‍ സംസാരിക്കാറുണ്ട്. ചിലപ്പോള്‍ അത് നിങ്ങളുടെ മനസ്സില്‍ കയറി ബുദ്ധിമുട്ടുണ്ടാക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞാന്‍ ഞാനായിരിക്കുക എന്നുള്ളതാണ്,’ ബെയര്‍സ്റ്റോ പറഞ്ഞു.
കോച്ച് ബ്രണ്ടന്‍ മക്കല്ലവും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ടീമിന് നല്‍കുന്ന മോട്ടിവേഷനേയും ഫ്രീഡത്തിനേയും പുകഴ്ത്താനും ബെയര്‍സ്റ്റോ മറന്നില്ല.
‘ചിലപ്പോള്‍ ഒരു ലളിതമായ ഗെയിമാണ് ഞങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്. ഞങ്ങള്‍ അതിന്റെ സങ്കീര്‍ണ്ണമായ സ്വഭാവം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. കൂടാതെ കളിക്കാരെ ക്രീസില്‍ ചെന്ന് സ്വന്തം ആറ്റിറ്റിയൂഡ് പ്രകടിപ്പിക്കാനും അനുവദിക്കുക. ഒന്നെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഷെല്ലില്‍ പോയി വര്‍ഷങ്ങളോളം ആളുകള്‍ ചെയ്ത രീതിയില്‍ ബാറ്റ് ചെയ്യാം. ബോള്‍ട്ടിനെയും ടിം സൗത്തിയെയും പോലെയുള്ള ബൗളര്‍മാര്‍ നന്നായി ബൗള്‍ ചെയ്യുമ്പോള്‍ അവര്‍ക്കെതിരെ അതിജീവിക്കാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ സ്വന്തം ശൈലിയില്‍ അടിച്ചു തകര്‍ത്തു കളിക്കുക,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ട്വന്റി-20യിലുമെല്ലാം ഇംഗ്ലണ്ടിന്റെ പ്രധാന ആയുധമാണ് ബെയര്‍സ്റ്റോ.
Content Highlights: Jonny bairstow says he grown up playing like this