| Saturday, 27th April 2024, 2:40 pm

പഞ്ചാബിന്റെ വിജയത്തിന് കാരണം അവനാണ്; യുവ താരത്തെ പ്രശംസിച്ച് ബെയര്‍‌സ്റ്റോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്‌സ് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയച്ച് ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് ആണ് കൊല്‍ക്കത്ത നേടിയത്.

ആവേശകരമായ മത്സരത്തിന്റെ അവസാനം 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു പഞ്ചാബ്. വിജയത്തിന് ശേഷം പഞ്ചാബിന്റെ സ്റ്റാര്‍ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ സംസാരിച്ചിരുന്നു. പഞ്ചാബിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നില്‍ ശശാങ്ക് സിങ്ങിന്റെ മിന്നും പ്രകടനമാണെമാണെന്നാണ് ഓപ്പണര്‍ പറഞ്ഞത്.

‘ മത്സരം വിജയിച്ചതിന്റെ മുഴുവന്‍ ക്രഡിറ്റും അവനാണ്, അവന്‍ വ്യത്യസ്ഥനാണ്. ക്ലീന്‍ ഹിറ്റിങ്ങും ക്രിക്കറ്റിനെക്കുറിച്ചുള്ള നല്ല അറിവും അവനുണ്ട്,’ ബെയര്‍‌സ്റ്റോ പറഞ്ഞു.

28 പന്തില്‍ നിന്ന് എട്ട് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 68 റണ്‍സ് നേടി ശശാങ്ക് സിങ് ഏവരേയും അമ്പരപ്പിക്കുകയായിരുന്നു. 242.86 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ശശാങ്ക് ബാറ്റ് വീശിയത്. ബെയര്‍സ്റ്റോയും ശശാങ്കുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

ചെയ്സിങ്ങിന് ഇറങ്ങിയ പഞ്ചാബ് പ്രബ്സിമ്രാന്‍ സിങ്ങിന്റെയും ജോണി ബെയര്‍സ്റ്റോയുടെയും വെടിക്കെട്ട് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. ഇംപാക്ട് ആയി വന്ന് 20 പന്തില്‍ നിന്നും അഞ്ചു സിക്സ് നാല് ഫോറും ഉള്‍പ്പെടെ 54 റണ്‍സ് ആണ് താരം വടിച്ചു കൂട്ടിയത്.

പഞ്ചാബിന്റെ വിജയ് ശില്പി ബയര്‍സ്റ്റോ 48 പന്തില്‍ നിന്ന് 96 ഏഴ് ഫോറും അടക്കം 108 റണ്‍സ് നേടി പുറത്താകാതെ നിന്നു. 225 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. താരത്തിന്റെ രണ്ടാമത്തെ ഐ.പി.എല്‍ സെഞ്ച്വറി ആണ് കൊല്‍ക്കത്തയെ അടിച്ചുവീഴ്ത്തി സ്വന്തമാക്കിയത്.

സിങ്ങിന് ശേഷം ഇറങ്ങിയ റീലി റോസോവ് 16 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 26 റണ്‍സ് നേടി പുറത്തായി. പിന്നീട് വെടിക്കെട്ട് പൂരമായിരുന്നു.
കൊല്‍ക്കത്തക്ക് വേണ്ടി അമ്പരപ്പിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്നും കാഴ്ചവച്ചത്. സാള്‍ട്ട് 36 പന്തില്‍ നിന്ന് ആറ് സിക്സ് ആറ് ഫോറും ഉള്‍പ്പെടെ 75 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. നരെയ്ന്‍ 32 പന്തില്‍ നിന്ന് നാല് സിക്സറും ഒമ്പത് ഫോറും ഉള്‍പ്പെടെ 71 റണ്‍സ് നേടി സ്റ്റേഡിയം കുലുക്കി.

മൂന്നാമനായി ഇറങ്ങിയ വെങ്കിടേഷ് അയ്യര്‍ 23 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 39 റണ്‍സാണ് നേടിയത്. മിഡില്‍ ഓര്‍ഡര്‍ കരീബിയന്‍ കരുത്തില്‍ ആന്ദ്രെ റസ്സല്‍ 12 പന്തില്‍ രണ്ട് വീതം സിക്സും ഫോറും അടിച്ച് 24 റണ്‍സ് ടീമിന് സംഭാവന ചെയ്തു. റിങ്കു സിങ് അഞ്ചു റണ്‍സിന് മടങ്ങിയപ്പോള്‍ റാംദീപ് സിങ് 6 റണ്‍സിനും പുറത്തായി.

പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content highlight: Jonny Bairstow Praises Shashank Singh

We use cookies to give you the best possible experience. Learn more