|

രണ്ടാം പന്തില്‍ ലോകകപ്പിന് ആരംഭം; ബെയര്‍‌സ്റ്റോ മാജിക്കില്‍ ഇന്ത്യ ഉണര്‍ന്നു; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന്റെ 13ാം എഡിഷന് തുടക്കമായിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ട്രെന്റ് ബോള്‍ട്ടാണ് ന്യൂസിലാന്‍ഡിനായി ആദ്യ ഓവര്‍ പന്തെറിയാനെത്തിയത്. 2023 ലോകകപ്പിലെ ആദ്യ പന്തില്‍ റണ്‍സ് വഴങ്ങാതെ ബോള്‍ട്ട് പന്തെറിഞ്ഞു. എന്നാല്‍ തൊട്ടടുത്ത് പന്ത് സിക്‌സറിന് തൂക്കിയാണ് ബെയര്‍‌സ്റ്റോ ഇംഗ്ലണ്ടിനായി സ്‌കോര്‍ ബോര്‍ഡ് തുറന്നത്.

ലെഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത ഗുഡ് ലെങ്ത് ഡെലിവെറി ബെയര്‍‌സ്റ്റോ മുന്നോട്ടാഞ്ഞ് സ്‌ക്വയറിലൂടെ സിക്‌സറിന് തൂക്കുകയായിരുന്നു. ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറി നേടിയ ബെയര്‍‌സ്റ്റോ ഈ ലോകകപ്പിലെ ആദ്യ ബൗണ്ടറിയും തന്റെ പേരില്‍ കുറിച്ചു.

ബോള്‍ട്ടിന്റെ ആദ്യ ഓവറില്‍ 12 റണ്‍സാണ് ബെയര്‍സ്‌റ്റോയും ഡേവിഡ് മലനും ചേര്‍ന്ന് സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 46ാം പന്തില്‍ ഈ ലോകകപ്പിലെ ആദ്യ വിക്കറ്റും പിറന്നു. സൂപ്പര്‍ താരം ഡേവിഡ് മലന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മാറ്റ് ഹെന്റിയുടെ പന്തില്‍ ടോം ലാഥമിന് ക്യാച്ച് നല്‍കിയാണ് മലന്‍ പുറത്തായത്. ടീം സ്‌കോര്‍ 40ല്‍ നില്‍ക്കവെ 24 പന്തില്‍ 14 റണ്‍സ് നേടിയാണ് മലന്‍ പവലിയനിലേക്ക് തിരിച്ചുനടന്നത്.

നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ 54 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 33 പന്തില്‍ 32 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയും ഒമ്പത് പന്തില്‍ ആറ് റണ്‍സുമായി ജോ റൂട്ടുമാണ് ഇംഗ്ലണ്ടിനായി ക്രീസില്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ജോണി ബെയര്‍‌സ്റ്റോ, ഡേവിഡ് മലന്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, ക്രിസ് വോക്‌സ്, സാം കറന്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാഥം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ജെയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട്.

Content highlight: Jonny Bairstow hits a six off the second ball of the 2023 World Cup