കാത്തിരുന്നത് നാല് വര്‍ഷം; രണ്ടാം പന്തിന്റെ ശാപം തീര്‍ത്ത് ബെയര്‍‌സ്റ്റോ, താഹിറിനോട് തോറ്റപ്പോള്‍ ബോള്‍ട്ടിനോട് ജയിച്ചു
icc world cup
കാത്തിരുന്നത് നാല് വര്‍ഷം; രണ്ടാം പന്തിന്റെ ശാപം തീര്‍ത്ത് ബെയര്‍‌സ്റ്റോ, താഹിറിനോട് തോറ്റപ്പോള്‍ ബോള്‍ട്ടിനോട് ജയിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th October 2023, 3:48 pm

ഐ.സി.സി വേള്‍ഡ് കപ്പ് 2023ന് നാന്ദി കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണേഴ്‌സ് അപ്പായ ന്യൂസിലാന്‍ഡുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് ത്രീ ലയണ്‍സ് – ബ്ലാസ് ക്യാപ്‌സ് റീ മാച്ചിന് വേദിയാകുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കിവികള്‍ക്കായി സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ആദ്യ ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്തില്‍ റണ്‍സ് വഴങ്ങാതെ ബോള്‍ട്ട് പന്തെറിഞ്ഞെങ്കിലും രണ്ടാം പന്തില്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് തുറന്നു. നേരിട്ട രണ്ടാം പന്തില്‍ സിക്‌സര്‍ നേടി ബോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിനായി അക്കൗണ്ട് തുറന്നത്.

 

ഈ ലോകകപ്പിന്റെ ആദ്യ റണ്‍സും ആദ്യ സിക്‌സറും ബെയര്‍‌സ്റ്റോ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ സ്വന്തമാക്കുകയായിരുന്നു. ഈ സിക്‌സറിന് പിന്നാലെ കഴിഞ്ഞ ലോകകപ്പിലേറ്റ നാണക്കേട് മറക്കാനും ത്രീ ലയണ്‍സിന്റെ വെടിക്കെട്ട് വീരന് സാധിച്ചു.

2019 ലോകകപ്പിലെ ആദ്യ വിക്കറ്റായി പുറത്തായത് ജോണി ബെയര്‍സ്‌റ്റോയായിരുന്നു. സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ ഗോള്‍ഡന്‍ ഡക്കായിട്ടായിരുന്നു ബെയര്‍സ്‌റ്റോയുടെ മടക്കം.

സൗത്ത് ആഫ്രിക്കക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ ജേസണ്‍ റോയ്‌യും ബെയര്‍സ്‌റ്റോയുമായിരുന്നു ഇംഗ്ലണ്ടിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇമ്രാന്‍ താഹിറാണ് പ്രോട്ടീസിനായി ആദ്യ ഓവര്‍ എറിഞ്ഞത്.

ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടിയ റോയ് സ്‌ട്രൈക്ക് ബെയര്‍‌സ്റ്റോക്ക് കൈമാറി. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബെയര്‍‌സ്റ്റോ പുറത്താവുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് റോയ് അന്ന് പുറത്തായത്.

എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ലോകകപ്പിന്റെ ഓപ്പണിങ് മാച്ചിലെ രണ്ടാം പന്തില്‍ സിക്‌സര്‍ നേടി ബെയര്‍‌സ്റ്റോ തന്റെ കരയിറിലെ ഒരു ബ്ലാക് മാര്‍ക് പൂര്‍ണമായും മയച്ചു കളയുകയായിരുന്നു.

അതേസമയം, ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ബെയര്‍‌സ്റ്റോ 35 പന്തില്‍ 33 റണ്‍സ് നേടി പുറത്തായി. നാല് ബൗണ്ടറിയും ഒരു സിക്‌സറും നേടി ക്രീസില്‍ നില്‍ക്കവെ മിച്ചല്‍ സാന്റ്‌നറിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കിയാണ് ബെയര്‍‌സ്റ്റോ മടങ്ങിയത്.

നിലവില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് റണ്‍സിന് വിക്കറ്റ് എന്ന നിലയിലാണ്. ബെയര്‍സ്‌റ്റോക്ക് പുറമെ ഡേവിഡ് മലന്‍, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മലന്‍ 24 പന്തില്‍ 14 റണ്‍സ് നേടിയപ്പോള്‍ 16 പന്തില്‍ 25 റണ്‍സായിരുന്നു ഹാരി ബ്രൂക്കിന്റെ സമ്പാദ്യം.

നിലവില്‍ ജോ റൂട്ടും (33 പന്തില്‍ 29) മോയിന്‍ അലിയും (12 പന്തില്‍ എട്ട്) ആണ് ഇംഗ്ലണ്ടിനായി ക്രീസില്‍.

 

Content highlight:  Jonny Bairstow hits a six off the second ball of the 2023 World Cup