നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിനെ ന്യായീകരിച്ച് സംവിധായകനും നടനുമായ ജോണി ആന്റണി. ദിലീപ് കുറ്റം ചെയ്തതായി താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ജോണി ആന്റണി പറഞ്ഞത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപിനെ ന്യായീകരിക്കാതിരിക്കേണ്ടതായ ഒരു കാര്യവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി താന്‍ വിശ്വസിക്കുന്നില്ലെന്നും അപ്പോള്‍ പിന്നെ എന്തിനാണ് പുള്ളിയെ വെറുതെ കുറ്റപ്പെടുത്തുന്നത് എന്നുമായിരുന്നു ജോണി പറഞ്ഞത്.
നടിയെ ആക്രമിച്ച കേസ് കോടതിയില്‍ വിചാരണയില്‍ ഇരിക്കുകയല്ലേയെന്നും സത്യം എന്താണെന്ന് കോടതി കൃത്യമായി വിധിക്കുമെന്നും അതിന് ശേഷം പോരെ ജനകീയ വിചാരണകളെന്നും ജോണി ആന്റണി ചോദിച്ചു.
താങ്കളുടെ ആദ്യ സിനിമ നിര്‍മിച്ചത് ദിലീപാണ്. താങ്കളുടെ ജീവിതത്തിലെ വഴിത്തിരിവില്‍ ദിലീപിന് ഒരു പങ്കുണ്ട്. ദിലീപിന്റെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത് എന്ന ജോണി ലൂക്കോസിന്റെ ചോദ്യത്തിനായിരുന്നു ജോണി ആന്റണിയുടെ മറുപടി.
ദിലീപ് എന്റെ ഏറ്റവും നല്ല സുഹൃത്താണ്. എന്റെ ഒരു സഹോദരന്‍ തന്നെയാണ്. ഞാന്‍ ദിലീപിനേയും ദിലീപ് എന്നേയും അങ്ങനെ തന്നെയാണ് കാണുന്നത്. ദിലീപിന് എന്ത് സന്തോഷം വന്നാലും അത് എന്റെ സന്തോഷമായിട്ടും ദിലീപിന് എന്ത് വിഷമം വന്നാലും അത് എന്റെ വിഷമം ആയിട്ടുമാണ് ഞാന്‍ കാണുന്നത്.
ഞാന്‍ ഒരു നടനായി അറിയാന്‍പ്പെടാന്‍ തുടങ്ങിയപ്പോഴൊക്കെ വലിയ സന്തോഷമായിരുന്നു ദിലീപിന്. അതെനിക്ക് അറിയാം. എടാ നിന്റെ പിള്ളേരുടെ ഭാഗ്യമാണ്. അവളുമാരും വളര്‍ന്നുവരികയല്ലേ എന്നൊക്കെ പറഞ്ഞിട്ട് പുള്ളിയുടെ ഒരു കെയറുണ്ടല്ലോ. പിന്നെ ഈ പറഞ്ഞ പോലെ ചില പടങ്ങള്‍ കണ്ടിട്ട് എന്നെ വിളിക്കും. എടാ നന്നായിട്ടുണ്ട് കേട്ടോ. നീ ഇതൊക്കെ എപ്പോള്‍ പഠിച്ചു. ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല എന്നൊക്കെ പറഞ്ഞ് നമ്മളെ ഭയങ്കരമായി എന്‍കറേജ് ചെയ്യും. അങ്ങനെ ഒരു മനസുള്ള ആളാണ് , ജോണി ആന്റണി പറഞ്ഞു.
വ്യക്തിപരമായുള്ള ഈ ബന്ധം കൊണ്ട് ദിലീപിനെ ഏത് സാഹചര്യത്തിലും ന്യായീകരിക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായിട്ടും എന്നായിരുന്നു ജോണി ആന്റണിയുടെ മറുപടി. ‘എന്റെ കാഴ്ചപ്പാടില്‍ ദിലീപിനെ ന്യായീകരിക്കാതിരിക്കേണ്ടതായ ഒരു കാര്യവും ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി ഞാന്‍ വിശ്വസിക്കുന്നില്ല. അപ്പോള്‍ പിന്നെ ഞാനെന്തിനാണ് പുള്ളിയെ വെറുതെ കുറ്റപ്പെടുത്തുന്നത്, എന്നായിരുന്നു ജോണിയുടെ മറുപടി.
ഒരുപാട് പേര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു എന്ന തോന്നല്‍ താങ്കള്‍ക്കുണ്ടോ എന്ന ചോദ്യത്തിന് ജോണി ആന്റണിയുടെ മറുപടി ഇതായിരുന്നു’ നമ്മുടെ ബഹുമാനപ്പെട്ട കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്ന കാര്യങ്ങളാണ്. എന്തായാലും നമ്മുടെ നീതിന്യായ വ്യവസ്ഥ അസത്യത്തിന് കൂട്ടുനില്‍ക്കില്ല. സത്യത്തിന് വേണ്ടിയേ നിലകൊള്ളുകയുള്ളൂ. ആ സത്യം എന്താണെന്ന് നമ്മുടെ കോടതി കൃത്യമായി വിധിക്കും. അതിന് ശേഷം പോരെ നമ്മുടെ ജനകീയ വിചാരണകളും കാര്യങ്ങളുമൊക്കെയെന്ന് വിശ്വസിക്കുന്ന ഒരു സാധാരണ ഇന്ത്യന്‍ പൗരനാണ് ഞാന്‍,’ ജോണി ആന്റണി പറഞ്ഞു.
Content Highlight: Jonhy antony support dileep actress attack case