ഇത് അഫ്ഗാനിലെ പുതിയ തലമുറക്ക് ബാറ്റും ബോളും കയ്യിലെടുക്കാന്‍ വലിയ പ്രചോദനം: ജൊനാഥന്‍ ട്രോട്ട്
icc world cup
ഇത് അഫ്ഗാനിലെ പുതിയ തലമുറക്ക് ബാറ്റും ബോളും കയ്യിലെടുക്കാന്‍ വലിയ പ്രചോദനം: ജൊനാഥന്‍ ട്രോട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th October 2023, 7:33 pm

 

ലോകകപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെതിരെ വന്‍ അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഏകദിനമത്സരത്തില്‍ പാകിസ്ഥാനെ അഫ്ഗാന്‍ പരാജയപ്പെടുത്തുന്നത്. ചെന്നൈ ചിദംഭരം സ്റ്റേഡിയത്തിലായിരുന്നു മത്സരം.

നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ ഹസ്മത്തുള്ള ഷാഹിദിയും കൂട്ടരും 49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം 286 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെയും അഫഗാന്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ 69 റണ്‍സിന്റെ വന്‍ വിജയമാണ് സ്വന്തമാക്കിയിരുന്നത്.

ഇപ്പോള്‍ പാകിസ്ഥാനെതിരെ നേടിയ ചരിത്രവിജയം അഫ്ഗാനിസ്ഥാനിലെ ആളുകള്‍ക്ക് ക്രിക്കറ്റിലേക്ക് വരാന്‍ താത്പര്യമുണ്ടാക്കുമെന്ന് അഫ്ഗാന്‍ ഹെഡ്കോച്ച് ജൊനാഥന്‍ ട്രോട്ട് അഭിപ്രായപ്പെട്ടു.

‘ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ ഭാഗ്യമുണ്ടായപ്പോള്‍ രാജ്യത്തിന്റെ കഴിവ് വീണ്ടും കാണിക്കാന്‍ കഴിഞ്ഞെന്ന് ഞാന്‍ കരുതുന്നു. ഇത് പുതിയതലമുറക്ക് ക്രിക്കറ്റ് ബാറ്റും ബോളും കയ്യിലെടുക്കാനും അവരുടെ ഫീല്‍ഡിങ്ങും ഫിറ്റ്നസും മെച്ചപ്പെടുത്താനും വലിയ പ്രചോദനമാണ്.

ഇപ്പോള്‍ താരങ്ങളുടെ ഫിറ്റ്നസ് മെച്ചപ്പെട്ടിരിക്കുന്നു. 50 ഓവറില്‍ ഫീല്‍ഡ് ചെയ്യുന്നതും ഇബ്രാഹിം സദ്രാന്‍ 40 ഓവറിനടുത്ത് ബാറ്റ് ചെയ്യുന്നതും അവന്റെ വലിയ മികവാണ്.’ ട്രോട്ട് മത്സരത്തിന് ശേഷം പത്രസമ്മേളനത്തില്‍ പറഞ്ഞു.

പാകിസ്ഥാനുമായുള്ള മത്സരത്തില്‍ സദ്രാന്‍ 87 (113) റണ്‍സും റഹ്‌മത് ഷാ 77 (84) റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ് 65 (53) റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യമായാണ് ലോകകപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന്റെ മൂന്ന് താരങ്ങള്‍ അര്‍ധസെഞ്ച്വറി നേടുന്നതും.

അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം ഒക്ടോബര്‍ 30ന് ശ്രീലങ്കയോടാണ്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

 

Content Highlight: Jonathan Trott about Afghanistan’s victory