ഗസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണം; ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങി സംവിധായകന്‍ ജോനാഥന്‍ ഗ്ലേസര്‍
Trending
ഗസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണം; ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങി സംവിധായകന്‍ ജോനാഥന്‍ ഗ്ലേസര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2024, 12:19 pm

ഹോളിവുഡ്: ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ഗസയില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് സംവിധായകന്‍ ജോനാഥന്‍ ഗ്ലേസര്‍. ഗസയില്‍ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ജോനാഥന്‍ ഗ്ലേസര്‍ സംവിധാനം ചെയ്ത ദി സോണ്‍ ഓഫ് ഇന്ററസ്റ്റിനാണ് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. സിനിമയുടെ സംവിധായകന്‍ ജെയിംസ് വില്‍സണൊപ്പമാണ് ഗസയിലെ യുദ്ധത്തിനെ അദ്ദേഹം വിമര്‍ശിച്ചത്.

‘ഇസ്രഈല്‍ നടത്തുന്ന കൂട്ടക്കൊലക്ക് എതിരായാണ് ഇന്ന് ഞങ്ങള്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. ഇസ്രഈലിന്റെ അധിനിവേശം നിരവധി നിരപരാധികളെയാണ് ബാധിച്ചത്’, പുരസ്‌കാരം ഏറ്റുവാങ്ങി ജോനാഥന്‍ ഗ്ലേസര്‍ പറഞ്ഞു.

അതിനിടെ, ഗസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യവുമായി ഓസ്കാർ പുരസ്‌കാര വേദിയിൽ ചുവന്ന ബാഡ്ജ് ധരിച്ച് ബില്ലി ഐലിഷ്, മാർക് റഫാലോ ഉൾപ്പെടെയുള്ള താരങ്ങൾ രം​ഗത്തെത്തിയിരുന്നു.

യു.എസ് പ്രസിഡന്റ്‌ ജോ ബൈഡനോട്‌ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തിൽ ഒപ്പുവെച്ച സെലിബ്രിറ്റികളും വിനോദ വ്യവസായത്തിലെ അംഗങ്ങളും അടങ്ങുന്ന ആർട്ടിസ്റ്റ്സ്4ഫയർ സംഘത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബാഡ്ജുകൾ.

ജെനിഫർ ലോപ്പസ്, കേറ്റ് ബ്ളാൻചെ, ഡ്രേക്ക്, ബെൻ എഫ്ലക്, ഈ വർഷത്തെ ഓസ്കാർ നോമിനേഷനിൽ ഉൾപ്പെട്ട ബ്രാഡ്ലി കൂപ്പർ, അമേരിക്ക ഫെരേര ഉൾപ്പെടെ 400 പേർ കത്തിൽ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ കുറേ കാലമായി ഓസ്കാർ വേദിയിൽ ഗസ സംഘർഷത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുവാൻ താരങ്ങൾ മടിക്കുകയാണ് പതിവ്. ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു ചുവന്ന ബാഡ്ജ് ധരിച്ചുകൊണ്ട് ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള താരങ്ങളുടെ നീക്കം.

Content Highlight: Jonathan Glazer calls for end to Gaza attacks at Oscars