കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയിലും വിധിക്ക് തൊട്ടുപിന്നാലെ ജലന്തര്‍ രൂപത നന്ദി അറിയിച്ച് കുറിപ്പ് പുറത്തുവിട്ടതിലും പ്രതികരിച്ച് പൊതുപ്രവര്‍ത്തകനും അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ അംഗവുമായ ജോമോന്‍ പുത്തന്‍പുരക്കല്‍.
ബിഷപ്പിനെ വെറുതെ വിട്ടതിന് നന്ദി, എന്ന കുറിപ്പ് മുന്‍കൂട്ടി തയാറാക്കി വിധി വന്ന് സെക്കന്റുകള്‍ക്കുള്ളില്‍ റിലീസ് ചെയ്യണമെങ്കില്‍ അവരുടെ സ്വാധീനശക്തി എത്രത്തോളമായിരിക്കും എന്ന് ചിന്തിക്കേണ്ടതാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചക്കിടെ ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞത്.
”ഇവിടെ മാധ്യമങ്ങളടക്കം എല്ലാവരും പ്രതിക്ക് ശിക്ഷ കിട്ടും എന്ന് പറഞ്ഞിരുന്നപ്പോള്‍, ബിഷപ് ഫ്രാങ്കോ മുളക്കലിലെ വെറുതെ വിട്ടതിന് നന്ദി, സഹകരിച്ചതിന് നന്ദി എന്ന കുറിപ്പ് രൂപത മുന്‍കൂട്ടി തയാറാക്കി.
ഇന്നലെത്തന്നെ തയാറാക്കിയ കുറിപ്പ് ഇന്ന് രാവിലെ വിധി വന്ന് സെക്കന്റുകള്‍ക്കുള്ളില്‍ ജലന്തര്‍ രൂപതയുടെ പി.ആര്‍.ഒ ഡി.ടി.പി തയാറാക്കി ഔദ്യോഗിക ലെറ്റര്‍പാഡില്‍ റിലീസ് ചെയ്തു.
ഇങ്ങനെ മുന്‍കൂട്ടി തയാറാക്കിയ റിലീസ് കയ്യിലിരിക്കുമ്പോള്‍ എന്താണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഇവിടെ ഇവര്‍ക്ക് നേരത്തെ തന്നെ എല്ലാം ബോധ്യമായിരുന്നു.
ആ ബോധ്യം എങ്ങനെയാണ് അവര്‍ക്ക് വന്നത് എന്ന് നമ്മള്‍ ചിന്തിക്കേണ്ടതാണ്. അത് ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ചിന്തിക്കേണ്ട കാര്യമാണ്.
ഇത്രത്തോളം ഉറപ്പ് ഇവര്‍ക്കുണ്ടെങ്കില്‍ അവരുടെ സ്വാധീനശക്തി എത്രത്തോലം ഉണ്ടായിരിക്കും എന്ന് ചിന്തിക്കേണ്ടതാണ്,” ജോമോന്‍ പുത്തന്‍പുരക്കല്‍ പ്രതികരിച്ചു.
നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ട വിധിയില്‍ നന്ദി പറഞ്ഞ് ജലന്തര്‍ രൂപത പി.ആര്‍.ഒ ഫാദര്‍ പീറ്റര്‍ പ്രതികരിച്ചിരുന്നു.
വിധിയില്‍ നന്ദി പറഞ്ഞ പീറ്റര്‍ കോടതിക്ക് സത്യം വെളിപ്പെട്ടു എന്ന കാര്യം ബോധ്യപ്പെട്ടെന്നും വിധി കയ്യില്‍ കിട്ടിയ ശേഷം അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ഫാദര്‍ പീറ്റര്‍ പറഞ്ഞു.
”ബിഷപ് ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്തനായ വിധിയില്‍ അഡ്വക്കറ്റിനും പ്രാര്‍ത്ഥിച്ചവര്‍ക്കും എല്ലാവര്‍ക്കും ഒത്തിരി നന്ദി.
പ്രോസിക്യൂഷന്‍ അപ്പീല്‍ പോകുന്നതിനെ പറ്റി അറിയില്ല. അവര് പോയിക്കഴിഞ്ഞാല്‍ അത് അപ്പോള്‍ നോക്കാം. വിധി പോലും കയ്യില്‍ കിട്ടിയിട്ടില്ല. അത് കിട്ടിക്കഴിഞ്ഞാല്‍ എന്താണോ അടുത്ത സ്റ്റെപ്പ് അത് നോക്കും.
കോടതിക്ക് സത്യം വെളിപ്പെട്ടു എന്ന കാര്യം നമുക്ക് ബോധ്യപ്പെട്ടു,” ജലന്തര്‍ രൂപതയുടെ പി.ആര്‍.ഒ ആയ വൈദികന്‍ പ്രതികരിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Jomon PuthanPurakkal reaction on Court declaring Bishop Franco Mulakkal as innocent in rape case