ലോക്ഡൗണ്‍ കാലഘട്ടത്തില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച യൂട്യൂബ് ചാനലായിരുന്നു ആടലോടകം. നരസിംഹം, ബിഗ് ബി എന്നീ സിനിമകളുടെ സ്പൂഫ് അവതരിപ്പിച്ചതിലൂടെയാണ് ചാനല്‍ ശ്രദ്ധിക്കപ്പെട്ടത്. ജലസിംഹം എന്ന പേരിലിറങ്ങിയ നരസിംഹത്തിന്റെ സ്പൂഫ് ആരും മറക്കാനിടയില്ല. ആ എപ്പിസോഡിലൂടെയാണ് ജോമോന്‍ ജ്യോതിര്‍ എന്ന പേര് മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
കഴിവുള്ളവരെ സിനിമ താനെ തേടിയെത്തുമെന്നത് ജോമോന്റെ കാര്യത്തിലും ഫലിച്ചു. ജിത്തു മാധവന്‍ സംവിധാന ചെയ്ത രോമാഞ്ചത്തിലൂടെ ജോമോന്‍ ബിഗ് സ്‌ക്രീനില്‍ അരങ്ങേറി. ഡി.ജെ ബാബുവായി വെറും രണ്ട് സീനില്‍ മാത്രം വന്ന ജോമോന്‍ ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രകടനം നടത്തി.
നിതീഷ് സഹദേവ് സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ഫാലിമിയിലൂടെയാണ് ജോമോന്‍ വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ബേസിലിന്റെ കല്യാണം മുടക്കാന്‍ വരുന്ന ഹിറ്റ്മാനായി സ്‌ക്രീനില്‍ വരുമ്പോളെല്ലാം ജോമോന്‍ ചിരി പടര്‍ത്തി.
ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയിലും ജോമോന്‍ പൊട്ടിച്ചിരിപ്പിച്ചു. സൈക്ക്യാട്രിസ്റ്റ് ജോര്‍ജ് എന്ന കഥാപാത്രമായി ജോമോന്റെ അഴിഞ്ഞാട്ടമായിരുന്നു സിനിമയിലുടനീളം. ആദ്യ സീനില്‍ കണ്ടപ്പോള്‍ അധികം പ്രാധാന്യമില്ലാത്ത കഥാപാത്രമാണെന്ന് കരുതിയെങ്കിലും രണ്ടാം പകുതിയില്‍ ചിരിയുടെ വെടിക്കെട്ട് തീര്‍ത്തത് ജോമോനായിരുന്നു.
പക്ഷിശാസ്ത്രക്കാരനായി വരുന്നതും, പിന്നീട് കല്യാണവീട്ടില്‍ കയറി ഭീഷണി മുഴക്കുന്നതുമെല്ലാം ജോമോന്‍ എന്ന നടനെ അഴിഞ്ഞാടാന്‍ വിട്ട സീനുകളായിരുന്നു. ക്ലൈമാക്‌സിലെ വരവും ഡയലോഗുമെല്ലാം ചിരിപ്പൂരം ഉണര്‍ത്തി. മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മറ്റൊരു മികച്ച കോമഡി ആര്‍ട്ടിസ്റ്റിനെ നമുക്ക് ലഭിക്കും.
Content highlight: Jomon Jyothir’s performance in Guruvayoor Ambalanadayil