|

എന്റെ സിനിമകള്‍ക്ക് പോലും മറ്റുള്ളവരെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കാന്‍ പറയുന്ന ഞാന്‍ ആ നടിക്ക് വേണ്ടി ഡബ്ബ് ചെയ്തു: ജോമോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമയില്‍ എത്തുന്നത്. മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ജോമോള്‍ ബാലതാരമായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലൂടെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങളെ കുറിച്ചുള്ള കാര്യങ്ങളില്‍ എനിക്ക് ധാരണ കുറവാണ്. സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയില്‍ പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ – ജോമോള്‍

അഭിനയത്തില്‍ ഇപ്പോള്‍ അധികം സജീവമല്ലെങ്കിലും ഡബ്ബിങിലും സബ്‌ടൈറ്റില്‍ രചനയിലുമെല്ലാമായി സിനിമയുടെ മറ്റ് മേഖലകളില്‍ ജോമോളിന്റെ സാന്നിധ്യമുണ്ട്. കാത്തത് എന്ന സിനിമയില്‍ ജ്യോതികക്ക് ഡബ്ബ് ചെയ്തതും ജാനകി ജാനേ എന്ന സിനിമക്ക് സബ്‌ടൈറ്റില്‍ എഴുതിയതും ജോമോള്‍ ആയിരുന്നു.

കാതലില്‍ ഡബ്ബ് ചെയ്തതിനെ കുറിച്ചും ജാനകി ജാനേ എന്ന സിനിമക്കായി സബ്‌ടൈറ്റില്‍ തയ്യാറാക്കിയതിനെ കുറിച്ചും സംസാരിക്കുകയാണ് ജോമോള്‍. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു അവര്‍.

‘എനിക്ക് ചെയ്യാന്‍ വളരെ ബുദ്ധി മുട്ടുള്ള ഒരു കാര്യമാണ് ഡബ്ബിങ്. എന്റെ സിനിമകള്‍ക്ക് പോലും മറ്റുള്ളവരെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കാന്‍ പറയുന്ന ഒരാളാണ് ഞാന്‍. പക്ഷേ, ജിയോ ബേബിയുടെ കാതലില്‍ ഡബ്ബ് ചെയ്യാന്‍ വിളിച്ചപ്പോള്‍ ഒന്ന് ശ്രമിച്ച് നോക്കണമെന്ന് എനിക്ക് തോന്നി.

എന്റെ ശബ്ദവും ജ്യോതികയുടെ ശബ്ദവും ഒട്ടും ചേരില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ ഒരു ആത്മവിശ്വാസത്തിലാണ് ഡബ്ബ് ചെയ്യാന്‍ പോയതുതന്നെ.

പക്ഷേ ഞങ്ങളുടെ ശബ്ദം ചേരുന്നുണ്ടെന്നും ഡബ്ബ് ചെയ്യാമോയെന്നും ചോദിച്ച് ജിയോ ബേബി മെസേജ് അയച്ചു. അങ്ങനെയാണ് കാതലില്‍ ഡബ്ബ് ചെയ്യുന്നത്. ഒറ്റദിവസം കൊണ്ടുതന്നെ ഡബ്ബിങ് പൂര്‍ത്തിയായി. വളരെ നല്ല അഭിപ്രായങ്ങളാണ് എല്ലായിടത്ത് നിന്നും ഡബ്ബിങ്ങിന് എനിക്ക് ലഭിച്ചത്.

സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങളെ കുറിച്ചുള്ള കാര്യങ്ങളില്‍ എനിക്ക് ധാരണ കുറവാണ്. സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയില്‍ പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഞാന്‍ അഭിനയിക്കുന്ന സമയത്തുള്ള സിനിമ ഒരുപാട് മാറി. അതുകൊണ്ട് കൂടിയാണ് സബ്‌ടൈറ്റില്‍, ഡബ്ബിങ് തുടങ്ങിയ മേഖലകളില്‍ കൂടി ഞാന്‍ പ്രവര്‍ത്തിച്ചത്.

ജാനകി ജാനേ എന്ന ചിത്രത്തിലാണ് ഞാന്‍ സബ്‌ടൈറ്റില്‍ ചെയ്തത്. എസ്. ക്യൂബ് ഫിലിംസിന്റെ ഷെര്‍ഗ എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒരേ കോളേജിലാണ് പഠിച്ചത്.

ആ ഒരു സൗഹൃദത്തില്‍ക്കൂടിയാണ് ഷെര്‍ഗ എനിക്ക് അവരുടെ സിനിമയില്‍ സബ്‌ടൈറ്റില്‍ ചെയ്യാന്‍ അവസരം നല്‍കിയത്. ഷെര്‍ഗയും എസ്. ക്യൂബും ഇല്ലായിരുന്നെങ്കില്‍ ‘ഒരു വടക്കന്‍ വീരഗാഥ’ ഇന്ന് റിലീസിന് എത്തില്ലായിരുന്നു. അവരുടെ കൈത്താങ്ങ് എനിക്ക് എപ്പോഴുമുണ്ട്,’ ജോമോള്‍ പറയുന്നു.

Content highlight: Jomol talks about dubbing for jyothika