| Sunday, 3rd December 2023, 8:58 am

ഓമനയ്ക്ക് ശബ്ദം നൽകിയത് ആരോടും പറഞ്ഞില്ല; എനിക്കറിയാവുന്ന കുറെ പേർ വോയ്സ് ടെസ്റ്റ് ചെയ്തിട്ടുണ്ട് : ജോമോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി ചിത്രമാണ് കാതൽ ദി കോർ. ഓമന എന്ന കഥാപാത്രത്തെ ജ്യോതിക ഗംഭീരമാക്കി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അഭിനയത്തിനൊപ്പം തന്നെ ഈ കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാവാന്‍ ശബ്ദവും ഒരു കാരണമായിട്ടുണ്ട്. ചിത്രത്തിലെ ഓമനയുടെ ശബ്ദം മലയാളി പ്രേക്ഷകർ കേട്ട് മറന്നപോലെ തോന്നിയിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം ജോമോളാണ് കാതല്‍ ദി കോറില്‍ ജ്യോതികക്കായി ഡബ്ബ് ചെയ്തിരിക്കുന്നത്.

ഓമനയ്ക്കുവേണ്ടി തന്റെ ശബ്‌ദം തെരഞ്ഞെടുത്തതിനെക്കുറിച്ച് റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ജോമോൾ. ജിയോ ബേബിയാണ് തന്നെ വിളിച്ചതെന്നും വോയിസ് ടെസ്റ്റ് ചെയ്തതിന് ശേഷം അവർക്ക് തന്റെ ശബ്ദം ഇഷ്ടമായെന്നും ജോമോൾ പറഞ്ഞു. ഡബ്ബ് ചെയ്ത ശേഷം ആരോടും പറഞ്ഞിരുന്നില്ലെന്നും പടം റിലീസ് ചെയ്യുന്നതിന്റെ മൂന്ന് ദിവസം മുൻപ് ജിയോ വിളിച്ച് സൗണ്ട് കൊള്ളാമെന്ന് പറഞ്ഞെന്നും ജോമോൾ കൂട്ടിച്ചേർത്തു.

‘ഒരു ദിവസം ഞാൻ തിരുവനന്തപുരത്ത് എവിടെയോ ആയിരുന്ന സമയത്ത് ജിയോ ബേബിയുടെ കോള് വന്നു. നമുക്കൊരു വോയിസ് ടെസ്റ്റ് നടത്താൻ പറ്റുമോ എന്ന് ജിയോ എന്നോട് ചോദിച്ചു. ഞാൻ അവിടെയില്ല, എത്തുമ്പോൾ കുറച്ച് ദിവസം എടുക്കും എന്ന് പറഞ്ഞു. ‘കുഴപ്പമില്ല വന്ന ഉടനെ വോയിസ് ടെസ്റ്റിന് വന്നാൽ മതി, എന്നെ വിളിച്ചാൽ മതി. കാതൽ എന്ന സിനിമ ചെയ്യുന്നുണ്ട്, അതിന് വേണ്ടി ചെയ്യാമോ’ എന്ന് ജിയോ ചോദിച്ചു. അങ്ങനെ ഞാൻ വന്നു കഴിഞ്ഞു വോയിസ് ടെസ്റ്റ് ചെയ്തു. അപ്പോഴാണ് ഞാൻ അറിയുന്നത് കുറെ പേര് വോയ്സ് ടെസ്റ്റ് ചെയ്തിട്ടുണ്ട് എന്ന്. ഞാൻ ചെയ്തുകൊണ്ടിരിക്കുമ്പോഴും എനിക്ക് അറിയാവുന്ന കുറെ പേര് വോയിസ് ടെസ്റ്റ് ചെയ്ത് പോകുന്നുണ്ട്.

വോയിസ് ടെസ്റ്റ് ചെയ്‌തതിന് ശേഷം അവർ ഒന്ന് ചർച്ച ചെയ്തിട്ട് പറയുമെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ ജിയോയുടെ മെസ്സേജ് ഉണ്ടായിരുന്നു വോയിസ് മാച്ച് ആവുന്നുണ്ട് നമുക്കൊന്ന് ഡബ്ബ് ചെയ്താലോ എന്ന് ചോദിച്ചു. ആദ്യായിട്ട് ചെയ്യുന്നതാണ് എനിക്കറിയില്ല ശരിയാവുമോയെന്ന് പറഞ്ഞു. എന്റെ സിനിമയിൽ ആണെങ്കിലും ഒന്ന് രണ്ട് മൂവീസിലെ ഞാൻ ഡബ്ബ് ചെയ്തിട്ടുള്ളു.

ഞാൻ ചെയ്യാം എന്ന് പറഞ്ഞ് എന്നെത്തന്നെ പുഷ് ചെയ്യുകയായിരുന്നു. രണ്ടുദിവസത്തിനുള്ളിൽ പോയി ഡബ്ബ് ചെയ്തു. ചെയ്തുകഴിയുന്നതുവരെ ജിയോ എന്റെ കൂടെയുണ്ടായിരുന്നു. ചെയ്ത് കഴിഞ്ഞതിന് ശേഷം ഞാൻ ആരോടും പറഞ്ഞില്ല. എന്റെ ഫാമിലിക്ക് മാത്രം അറിയാം. ചിലപ്പോൾ അവസാനം അവർക്ക് സൗണ്ട് ചേർച്ച വന്നില്ലെങ്കിൽ ഒഴിവാക്കിയാലോ. അതുകൊണ്ട് ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു. സിനിമ ഇറങ്ങുന്നതിന്റെ മൂന്നാല് ദിവസം മുൻപ് ജിയോ മെസ്സേജ് ചെയ്തിരുന്നു. പടം കണ്ടു വളരെ രസമായിട്ട് സൗണ്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞു,’ ജോമോൾ പറഞ്ഞു.

Content Highlight: Jomol sharing her dubbing experience in kathal the core movie

We use cookies to give you the best possible experience. Learn more