Entertainment
എം.ടി. സാറിനോട് ഇടിച്ചുകയറി സംസാരിക്കാന്‍ ആരും അന്ന് ധൈര്യപ്പെടില്ല, അപ്പോഴാണ് ഞാന്‍ കമ്മലിന്റെ കാര്യവും പറഞ്ഞ് ചെല്ലുന്നത്: ജോമോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 07, 02:15 am
Friday, 7th March 2025, 7:45 am

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമയില്‍ എത്തുന്നത്. മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ജോമോള്‍ ബാലതാരമായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലൂടെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയുടെ ലൊക്കേഷന്‍ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജോമോള്‍. പലരും പറഞ്ഞ് തന്ന ഓര്‍മകളാണ് തനിക്കുള്ളതെന്നും താന്‍ കുസൃതിക്കാരി ആയിരുന്നുവെന്നാണ് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞിട്ടുള്ളതെന്നും ജോമോള്‍ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു ജോമോള്‍.

‘ഒരു വടക്കന്‍ വീരഗാഥ ചെയ്യുന്ന സമയത്തെ സംഭവങ്ങള്‍ അധികമൊന്നും എന്റെ ഓര്‍മയില്‍ ഇല്ല. പലരും പിന്നീട് പറഞ്ഞുതന്ന കാര്യങ്ങളേ എനിക്ക് അറിവുള്ളൂ. അതെല്ലാം എന്റെ ഓര്‍മകളാണോ അതോ അവരൊക്കെ പറഞ്ഞുതന്നതാണോ എന്നൊന്നും എനിക്ക് ഓര്‍മയില്ല. ഞാന്‍ ഭയങ്കര കുസൃതിക്കാരി ആയിരുന്നുവെന്നാണ് ഹരിഹരന്‍സാര്‍ പറഞ്ഞിട്ടുള്ളത്.

എല്ലാവരോടും ഇടിച്ചുകയറി സംസാരിക്കുന്ന പ്രകൃതമായിരുന്നു എനിക്കെന്നും ഹരിഹരന്‍ സാര്‍ പറഞ്ഞിട്ടുണ്ട്

വഴക്കുപറയേണ്ടി വരുന്ന തരത്തിലുള്ളതല്ല, എല്ലാവര്‍ക്കും ഇഷ്ടംതോന്നുന്ന കുസൃതിക്കാരിയായിരുന്നു ഞാനെന്നാണ് സാര്‍ ഒക്കെ പറഞ്ഞത്. പക്ഷേ സഹതാരമായ വിനീത് ഒക്കെ പറയാറുള്ളത് ഞാന്‍ വഴക്കുണ്ടാക്കുന്ന കുട്ടിയായിരുന്നുവെന്നാണ്.

എല്ലാവരോടും ഇടിച്ചുകയറി സംസാരിക്കുന്ന പ്രകൃതമായിരുന്നു എനിക്കെന്നും ഹരിഹരന്‍ സാര്‍ പറഞ്ഞിട്ടുണ്ട്. എം.ടി. സാര്‍, ഹരിഹരന്‍ സാര്‍ എന്നിവരുടെയൊക്കെ വലുപ്പം അറിയുന്ന പ്രായം അല്ലല്ലോ അന്നെനിക്ക്. ‘ഒരു വടക്കന്‍ വീരഗാഥ’ ചെയ്യുന്ന സമയത്ത് എന്റെ കാത് അടഞ്ഞിരുന്നതിനാല്‍ കമ്മല്‍ ഇട്ടിരുന്നില്ല.

ഈ സിനിമയില്‍ ആഭരണങ്ങളൊക്കെ ഒരുപാട് ഇടേണ്ടി വരുമല്ലോ. അതെനിക്ക് ഒരു പ്രശ്‌നമായിരുന്നു. ഹരിഹരന്‍ സാറിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ എം.ടി. സാര്‍ ആണ് ഇതൊക്കെ തീരുമാനിക്കുന്നതെന്നും അദ്ദേഹത്തോട് പറഞ്ഞാല്‍ മതിയെന്നും എന്നോട് തമാശയ്ക്ക് പറഞ്ഞു.

MT Vasudevan Nair is in critical condition

എം.ടി. സാര്‍ വന്നപ്പോള്‍ ഞാന്‍ ഓടി മടിയില്‍ക്കയറി ഇരുന്നിട്ട് കാതില്‍ ദ്വാരം ഇല്ലെന്നും ഒട്ടിക്കുന്ന കമ്മല്‍ തരാന്‍ അവരോട് പറയണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം അവരോട് പറയാമെന്നാണ് എം.ടി. സാര്‍ അന്ന് എന്നോട് പറഞ്ഞത്.

എം.ടി. സാറിനോട് ഇടിച്ചുകയറി സംസാരിക്കാന്‍ ആരും അന്ന് ധൈര്യപ്പെടില്ല. അപ്പോഴാണ് ഞാന്‍ കമ്മലിന്റെ കാര്യവും പറഞ്ഞ് ചെല്ലുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ഹരിഹരന്‍ സാര്‍ ഈ കഥയൊക്കെ പറഞ്ഞുതരുന്നത്,’ ജോമോള്‍ പറയുന്നു.

Content highlight: Jomol shares the memories from the set of Oru Vadakkan Veeragatha Movie