തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്ന നടിയാണ് ജോമോൾ. കുഞ്ചാക്കോ ബോബൻ ജോമോൾ കൂട്ടുകെട്ട് പ്രേക്ഷകർക്കെന്നും പ്രിയപ്പെട്ടതായിരുന്നു. നടി എന്നതിലുപരി ഇപ്പോൾ സബ് ടൈറ്റിൽ രംഗത്തേക്കും വന്നിരിക്കുകയാണ് ജോമോൾ. തന്റെ മുൻകാല സിനിമ ഓർമകളെക്കുറിച്ച് പങ്കുവെക്കുകയാണ് ജോമോൾ.
മലയാള സിനിമ വിട്ട് താൻ എങ്ങും പോയിട്ടുണ്ടായിരുന്നില്ലെന്ന് പറയുകയാണ് ജോമോൾ. ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് താൻ ഇത്രയും നാളും സിനിമകൾ ചെയ്യാതിരുന്നതെന്നും തന്നെ തേടിയെത്തിയിരുന്ന കഥാപാത്രങ്ങളൊക്കെ സിനിമയിൽ പ്രാധാന്യമുണ്ടായിരുന്നതല്ലെന്നും ജോമോൾ പറഞ്ഞു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മലയാള സിനിമയിലേക്ക് തിരികെ വരാത്തതെന്താണെന്ന് ചോദ്യങ്ങൾ ഉയരാറുണ്ട്. തിരിച്ചുവരാൻ ഞാൻ എവിടെയും പോയിരുന്നില്ല. ഇതുവരെ ഞാൻ കേട്ടിട്ടുള്ള കഥകളിൽ ഈ സിനിമ ചെയ്യാം എന്ന് തോന്നുന്ന തരത്തിലുള്ള കഥകൾ ആയിരുന്നില്ല. നല്ലതൊന്നും വന്നുമില്ല. മെയിൻ കഥാപാത്രമോ അല്ലെങ്കിൽ ലീഡ് ആവണം എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ ഞാൻ ചെയ്യുന്ന കഥാപാത്രത്തിന് ആ സിനിമയിൽ എന്തെങ്കിലും പ്രാധാന്യം ഉണ്ടായിരിക്കണം,’ ജോമോൾ പറഞ്ഞു.
വിവാഹ ശേഷം നടിമാർക്ക് സിനിമയിലേക്കുള്ള അവസരങ്ങൾ കുറയുന്നുണ്ടെന്നും നാളുകളായി അഭിനയിക്കാതെ ഇരിക്കുന്ന താരങ്ങളെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വന്നതിനുശേഷം സിനിമയിൽ കണ്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വന്നതിനുശേഷം പണ്ട് കണ്ടിരുന്ന എന്നാൽ ഇപ്പോൾ കാണാത്ത കുറെ അഭിനേതാക്കളെ കാണുന്നുണ്ട്. ഈയിടെ ‘ഗുൽമോഹർ’ എന്ന സിമ്രാന്റെ ഒരു സിനിമ കണ്ടിരുന്നു. അങ്ങനെ കുറെ ആളുകളുടെ സിനിമ കണ്ടിരുന്നു.
നമ്മുടെ ജീവിതത്തിന് കുറെ സ്റ്റേജുകൾ ഉണ്ട്. കല്യാണം കഴിച്ച്കഴിഞ്ഞാൽ അവിടെ ഒരു സ്റ്റോപ്പ് വീഴുന്നു. പിന്നെ അവർക്ക് തിരിച്ച് വരാൻ സാധിക്കില്ല. അവരെ ആരും സിനിമയിലേക്ക് വിളിക്കുന്നില്ല, അല്ലെങ്കിൽ നല്ല കഥാപാത്രങ്ങൾ അവർക്ക് കിട്ടുന്നില്ല. അങ്ങനെ ധാരാളം ആളുകളുടെ പൊട്ടൻഷ്യൽ ഉപയോഗിക്കാതെ പോയിട്ടുണ്ട്. ഇപ്പോൾ കഴിവുള്ള ധാരാളം ആളുകൾ തിരിച്ച് വരുന്നതായി കാണാം,’ ജോമോൾ പറഞ്ഞു.
Content Highlights: Jomol on Cinema