|

ജോണ്‍ സീനയായി വാരികന്‍; ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി പാകിസ്ഥാന്‍ സൂപ്പര്‍ താരം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സന്ദര്‍ശകര്‍ പരമ്പര സമനിലയിലെത്തിച്ചിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പര 1-1നാണ് വിന്‍ഡീസ് സമനിലയിലെത്തിച്ചത്.

മുള്‍ട്ടാന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 120 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കരീബിയന്‍ കരുത്തര്‍ സ്വന്തമാക്കിയത്. 1990ന് ശേഷം ഇതാദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് പാകിസ്ഥാനില്‍ ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസ്: 163 & 244

പാകിസ്ഥാന്‍: 154 & 133 (T: 254)

മത്സരത്തിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജോമല്‍ വാരികനെ പാകിസ്ഥാന്‍ സൂപ്പര്‍ താരം സാജിദ് ഖാന്‍ സ്ലെഡ്ജ് ചെയ്തതും വാരികന്‍ അതിന് നല്‍കിയ മറുപടിയുമാണ് ചര്‍ച്ചാ വിഷയം.

മത്സരത്തിന്റെ രണ്ടാം ദിവസം, വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ സാജിദ് ഖാന്‍ വാരികനെതിരെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ സൂപ്പര്‍ താരം ജോണ്‍ സീനയുടെ യൂ കാണ്‍ട് സീ മി (You Can’t See Me) ടോണ്‍ട് നടത്തിയിരുന്നു. സാജിദ് ഖാന്റെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് ബീറ്റണായതിന് പിന്നാലെയാണ് പാക് സൂപ്പര്‍ താരം വാരികനെ സ്ലെഡ്ജ് ചെയ്തത്.

ഒടുവില്‍ സാജിദ് ഖാന്‍ തന്നെ വാരികനെ പുറത്താക്കുകയും ചെയ്തു. ബാബര്‍ അസമിന് ക്യാച്ച് നല്‍കിയായിരുന്നു വാരികന്റെ മടക്കം.

വിന്‍ഡീസ് ഉയര്‍ത്തിയ 254 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാനെ വാരികന്‍ എറിഞ്ഞിട്ടിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ വാരികന്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായാണ് തിളങ്ങിയത്.

സാജിദ് ഖാനെ പുറത്താക്കിയാണ് വാരികന്‍ തന്റെ ഫൈഫര്‍ നേട്ടം പൂര്‍ത്തിയാക്കിയത്. ഒപ്പം വിന്‍ഡീസിന്റെ വിജയവും താരം കുറിച്ചു. പാകിസ്ഥാന്‍ സൂപ്പര്‍ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് വാരികന്‍ മടക്കിയത്.

ഇതിന് പിന്നാലെ സാജിദ് ഖാന്റെ മുഖത്ത് നോക്കി യൂ കാണ്‍ട് സീ മി സെലിബ്രേഷനും വാരികന്‍ നടത്തി. സാജിദ് ഖാന്റെ വിക്കറ്റിന്റെയും വാരികന്റെ സെലിബ്രേഷനിന്റെയും വീഡിയോ കാണാം.

സാജിദ് ഖാന്റെ മുറിവില്‍ ഉപ്പ് പുരട്ടിയതുപോലെ ‘തൈ ഫൈവ്’ (Thigh Five) സെലിബ്രേഷനും വാരികന്‍ നടത്തിയിരുന്നു. കബഡി താരങ്ങള്‍ തങ്ങളുടെ പോയിന്റ് നേട്ടം ആഘോഷിക്കുന്ന തൈ ഫൈവ് രീതിയില്‍ തന്നെയാണ് സാജിദ് ഖാന്‍ തന്റെ വിക്കറ്റ് സെലിബ്രേഷനും നടത്താറുള്ളത്.

അതേസമയം, ഈ പരാജയത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്സില്‍ പാകിസ്ഥാന് അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്യേണ്ടിയും വന്നു 47 പോയിന്റും 27.98 എന്ന പോയിന്റ് ശതമാനവുമാണ് പാകിസ്ഥാനുള്ളത്. 28.21 എന്ന പോയിന്റ് പേര്‍സെന്റേജുമായി വെസ്റ്റ് ഇന്‍ഡീസ് എട്ടാം സ്ഥാനത്താണ്.

ഇതാദ്യമായാണ് പാകിസ്ഥാന്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്സില്‍ അവസാന സ്ഥാനത്തെത്തുന്നത്. 2019-21 സൈക്കിളില്‍ അഞ്ചാം സ്ഥാനത്തായിരുന്നു പാകിസ്ഥാന്‍ ഇടം നേടിയത്. 2021-23 സൈക്കിളില്‍ ഏഴാം സ്ഥാനത്തേക്ക് വീണു. ഈ രണ്ട് തവണയും ബംഗ്ലാദേശാണ് അവസാന സ്ഥാനത്തുണ്ടായിരുന്നത്.

Content Highlight: Jomel Warrican’s ‘You Can’t See Me’ celebration after dismissing Sajid Khan goes viral