ശ്രീനഗര്‍: ജമ്മു കശ്മീര്‍ കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനോട് അടുപ്പമുള്ള 20 നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു.
അധ്യക്ഷസ്ഥാനത്ത് നിന്ന് ജി.എ. മിറിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. മുന്‍ മന്ത്രിമാര്‍. എം.എല്‍.എമാര്‍, പ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ജില്ലാ വികസന കൗണ്‍സില്‍ അംഗം, മുന്‍ ജില്ലാ പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് രാജിവെച്ചത്.
സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്തയച്ചിട്ടുണ്ടെന്ന് രാജിവെച്ചവരിലുള്‍പ്പെട്ട ജി.എന്‍. മോംഗ, വികാര്‍ റസൂല്‍ എന്നിവര്‍ പറഞ്ഞു. മിറിന്റെ പേര് പറയാതെയായിരുന്നു ഇവരുടെ പ്രതികരണം.
‘മൂന്ന് വര്‍ഷത്തേക്കെന്ന് പറഞ്ഞാണ് അധ്യക്ഷനെ നിയമിച്ചത്. ഇപ്പോള്‍ ഏഴ് വര്‍ഷമായി. അതുകൊണ്ട് ഇനി നേതൃമാറ്റമില്ലാതെ ഞങ്ങള്‍ മറ്റ് സ്ഥാനങ്ങള്‍ ഏറ്റെടുക്കില്ല,’ വികാര്‍ റസൂല്‍ പറഞ്ഞു.
20 ദിവസങ്ങള്‍ക്ക് മുന്‍പാണ് തങ്ങള്‍ ഹൈക്കമാന്റിന് കത്തെഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ജമ്മു കശ്മീരിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി എന്നിവര്‍ക്കാണ് രാജിക്കത്ത് അയച്ചിരിക്കുന്നത്.
മിറിന്റെ നേതൃത്വത്തിന് കീഴില്‍ നിലവില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് ദുരന്തമായി മാറിയെന്ന് നേതാക്കള്‍ പറയുന്നു. മുന്‍ മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍, എം.എല്‍.എമാര്‍, എം.എല്‍.സിമാര്‍, ജില്ലാ അധ്യക്ഷന്‍മാര്‍ തുടങ്ങി 200 പേര്‍ ഇക്കാലയളവില്‍ പാര്‍ട്ടി വിട്ടെന്നും നേതാക്കള്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുതന്നെ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പുനസംഘടന നടത്തണമെന്നും വിമതനേതാക്കള്‍ ആവശ്യപ്പെട്ടു.
അടുത്തിടെ ജമ്മു കശ്മീരില്‍ നടന്ന തദ്ദേശ-നിയമസഭാ-ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടേത് എക്കാലത്തേയും മോശം പ്രകടനമായിരുന്നെന്നും ഇവര്‍ കുറ്റപ്പെടുത്തി.