കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്നും രണ്ടാം വിവാഹത്തിലൂടെ പണം മാത്രമായിരുന്നുവെന്ന് ജോളിയുടെ ലക്ഷ്യമെന്നും ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായും രണ്ടാം ഭര്‍ത്താവ് ഷാജു.
കേസില്‍ തനിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ചിലര്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ജോളിയ്ക്ക് ജോളിയുടേതായ സ്വാതന്ത്ര്യമുണ്ടായിരുന്നു. എനിക്ക് എന്റേതും. അതിലപ്പുറത്തേക്ക് അവരുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ കൈ കടത്തിയിരുന്നില്ല. ജോളിയുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ രേഖകളെക്കുറിച്ചോ ഒന്നുമറിയില്ലെന്നും ഷാജു പറയുന്നു.
നേരത്തെ ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും കേസില്‍ തനിക്കു ഭയപ്പെടാനൊന്നുമില്ലെന്നും ഷാജു പറഞ്ഞിരുന്നു. ‘ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കണം. അതിനുവേണ്ടി എല്ലാ പിന്തുണയും നല്‍കും. എന്നാല്‍ ജോളിയെ പൂര്‍ണമായും തള്ളിപ്പറയാറായിട്ടില്ല. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കട്ടെ എന്നുമായിരുന്നു ഷാജു പറഞ്ഞത്.
മകളുടെ മരണത്തിനു കാരണം ചിക്കന്‍പോക്സോ ഭക്ഷണം നെറുകയില്‍ കയറിയതോ ആണെന്നാണു കരുതിയത്. കുഞ്ഞുശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം.
എന്നാല്‍ നിലവിലെ സംഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മതിയായിരുന്നു എന്നു തോന്നുന്നുണ്ട്.തിങ്കളാഴ്ച അന്വേഷണസംഘം വിളിച്ചുവരുത്തിയതു കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഒരവസരം കൂടിയ നല്‍കിയതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.’- അദ്ദേഹം പറഞ്ഞിരുന്നു.