|

കൂള്‍ ആന്‍ഡ് ജോളി; ഗായകനായി വീണ്ടും വിജയ്; ബീസ്റ്റിലെ 'ജോളി ഒ ജിംഖാന'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ചിത്രം ബീസ്റ്റിലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘ജോളി ഒ ജിംഖാന‘ എന്ന പാട്ട് സണ്‍ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. വിജയ്‌യും പൂജ ഹെഗ്‌ഡേയുമാണ് ഗാനത്തില്‍ എത്തിയിരിക്കുന്നത്.

കു കാര്‍ത്തികിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ് തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്.

പാട്ടിന് മുന്നോടിയായി വന്ന പ്രമോയും ശ്രദ്ധ നേടിയിരുന്നു. ഗാനചിത്രീകരണ സമയത്ത് നര്‍ത്തകരോട് സംസാരിക്കുന്ന സംവിധായകന്‍ നെല്‍സണ്‍ ആണ് പ്രൊമോയില്‍.

അതേസമയം ചിത്രത്തിലേതായി ആദ്യം പുറത്ത് വന്ന അറബിക് കുത്ത് തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ആസ്വാദകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു. തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചകള്‍ സ്വന്തമാക്കിയ ഗാനമെന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയത്. 15 ദിവസങ്ങള്‍ കൊണ്ടാണ് അറബിക് കുത്ത് ഈ നേട്ടം സ്വന്തമാക്കിയത്.

ധനുഷ് നായകനായ ചിത്രം മാരി 2വിലെ ‘റൗഡി ബേബി’ എന്ന ഗാനത്തിന്റെ റെക്കോര്‍ഡാണ് അറബി കുത്ത് മറികടന്നത്. വിജയിയുടെ മാസ്റ്ററിലെ ‘വാത്തി കമിങ്ങ്’ എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ബീസ്റ്റില്‍ പൂജ ഹെഗ്‌ഡേയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, ജോണ്‍ വിജയ്, ഷാജി ചെന്‍, വിടിവി ഗണേഷ് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും അപര്‍ണ്ണ ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഷൈനിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ബീസ്റ്റ്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ പ്രധാന ചിത്രീകരണം.


Content Highlight: Jolly Of Gymkhana lyrical video of beast