ആദ്യം വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നത് ജോണ്‍സണെ, സ്വത്ത് കിട്ടില്ലെന്ന് ഉറപ്പായതോടെ ഷാജുവിനെ; കൂടത്തായി കേസില്‍ ജോളിയുടെ മൊഴി
Koodathayi Murder
ആദ്യം വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നത് ജോണ്‍സണെ, സ്വത്ത് കിട്ടില്ലെന്ന് ഉറപ്പായതോടെ ഷാജുവിനെ; കൂടത്തായി കേസില്‍ ജോളിയുടെ മൊഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2019, 7:56 am

കോഴിക്കോട്: വ്യാജ ഒസ്യത്ത് വഴി സ്വത്ത് സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനു ശേഷമാണു കൂടത്തായി കേസില്‍ സിലിയെയും മകളെയും കൊലപ്പെടുത്തി ഷാജുവിനെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ജോളിയുടെ മൊഴി. സ്വത്ത് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാനാണു താന്‍ ലക്ഷ്യമിട്ടതെന്ന് ജോളി മൊഴി നല്‍കിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്ന ജോണ്‍സണെ ആദ്യം വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ജോണ്‍സണ്‍ തന്നെ ഉപദ്രവിക്കുന്നെന്നു കാണിച്ച് ഭാര്യ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയതോടെ ജോളി ഈ നീക്കം ഉപേക്ഷിച്ചു.

പിന്നീടാണു ഷാജുവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് ജോളി പൊലീസിനോടു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റോയിയുടെ പിതാവിന്റെ പേരിലുള്ള സ്വത്തുക്കള്‍ തനിക്കും ഭര്‍ത്താവ് റോയ് തോമസിനുമാണെന്ന വ്യാജ ഒസ്യത്ത് ജോളി അതിനിടെ തയ്യാറാക്കിയിരുന്നു. 2008-ലാണ് ടോം തോമസിനെ കൊലപ്പെടുത്തുന്നത്. 2011-ല്‍ റോയ് തോമസിനെയും. തുടര്‍ന്ന് സ്വത്തുക്കള്‍ തന്റെ പേരിലേക്കു മാറ്റി.

എന്നാല്‍ ഇതിനെതിരെ 2013-ല്‍ റോയിയുടെ സഹോദരന്‍ റോജോ പരാതി നല്‍കിയതോടെ ഇത് അസാധുവായി. ജോളിയുടെ കൈവശമുള്ള ഒസ്യത്ത് വ്യാജമാണെന്നും തെളിഞ്ഞു.

ടോം തോമസിന്റെ പേരിലുള്ള സ്വത്ത് ജോളിക്കും റോജോയ്ക്കും തുല്യമായി വീതിക്കാനും ഇരുവരും ചേര്‍ന്ന് 10 ലക്ഷം രൂപ റോയിയുടെ സഹോദരി റെഞ്ചിക്കു നല്‍കാനും നാട്ടുകാരും ബന്ധുക്കളും ഇടപെട്ടു നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

തുടര്‍ന്നാണ് റെഞ്ചിക്കു കൊടുക്കാനുള്ള തുകയുടെ പകുതി കണ്ടെത്താന്‍ ജോളി ശ്രമിച്ചത്. അതിന്റെ ഭാഗമായി സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാന്‍ ജോളി തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

അതിനിടെ സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്നാണ് ജോളി മൊഴി നല്‍കിയത്. ജോളിയെ സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോളാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.

എന്നാല്‍ ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു. ഡെന്റല്‍ ക്ലിനിക്കില്‍വച്ച് ബോധരഹിതയായ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെയത്തിയപ്പോഴേക്കും സിലി മരിച്ചു.

സിലി ധരിച്ചിരുന്ന ആഭരണങ്ങള്‍ ഇങ്ങനെയാണ് ജോളി കൈക്കലാക്കിയതെന്ന് സിലിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അന്വേഷണം നടക്കവേ സിലിയുടെ 40 പവനോളം വരുന്ന സ്വര്‍ണ്ണം സിലി തന്നെ പള്ളി ഭണ്ഡാരത്തില്‍ ഇട്ടെന്നാണ് ഷാജു കുടുംബാംഗങ്ങളോട് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് വാസ്തവ വിരുദ്ധമാണെന്ന് സിലിയുടെ ബന്ധു സേവ്യര്‍ പറഞ്ഞിരുന്നു. മരിക്കുന്ന ദിവസം പൊന്നാമറ്റം കുടുംബത്തില്‍ ഉണ്ടായ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴും സിലി ആഭരണങ്ങള്‍ ധരിച്ചിരുന്നു.

സിലിയുടെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷം ഷാജു സിലിയുടെ അമ്മയെ വിളിച്ച് സിലിയുടെ സ്വര്‍ണ്ണം വീട്ടിലില്ലെന്നും അത് അന്വേഷിച്ച് ആരും വരേണ്ടതില്ലെന്നും അറിയിച്ചു. ആഭരണങ്ങള്‍ ഭണ്ഡാരത്തിലിട്ടുവെന്നും പറഞ്ഞു.

എന്നാല്‍ തന്നോട് പറയാതെ സിലി അങ്ങനെ ചെയ്യില്ലെന്ന് സിലിയുടെ അമ്മ പറഞ്ഞപ്പോള്‍ ഷാജു വീണ്ടും തറപ്പിച്ചു പറയുകയായിരുന്നു.

വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം ഷാജുവിനോടും ജോളിയോടും ഒപ്പം ആശുപത്രിയില്‍ എത്തിയപ്പോഴാണ് സിലി മരിക്കുന്നത്. അപ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണം ജോളിയാണ് സിലിയുടെ സഹോദരനെ ഏല്‍പ്പിക്കുന്നത്.

സഹോദരന്‍ പിന്നീട് സ്വര്‍ണ്ണം ഷാജുവിനെ ഏല്‍പ്പിച്ചുവെന്നും സേവ്യര്‍ പറഞ്ഞു. സേവ്യര്‍ ഈ കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു.