ചില കോക്കസുകളുണ്ട്, അവരുടെ കഥകള്‍ മാത്രമാണ് കേള്‍ക്കുക; ഗോഡ്ഫാദര്‍മാരില്ലാത്തവര്‍ കഷ്ടപ്പെടുന്നു, പലരും ഡിപ്രഷനിലാണ്: ജോളി ചിറയത്ത്
Entertainment news
ചില കോക്കസുകളുണ്ട്, അവരുടെ കഥകള്‍ മാത്രമാണ് കേള്‍ക്കുക; ഗോഡ്ഫാദര്‍മാരില്ലാത്തവര്‍ കഷ്ടപ്പെടുന്നു, പലരും ഡിപ്രഷനിലാണ്: ജോളി ചിറയത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th June 2023, 10:18 pm

മലയാളി സിനിമ ഇന്‍ഡസ്ട്രിയില്‍ ഗോഡ്ഫാദര്‍മാരില്ലാത്തവര്‍ക്ക് കഥപറയാന്‍ അവസരം ലഭിക്കുന്നില്ലെന്ന് നടി ജോളി ചിറയത്ത്. സിനിമ സംവിധാനം ചെയ്യുക എന്ന തന്റെ സ്വപ്‌നത്തെ കുറിച്ച് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

പലരും ഒരു കഥപറയാന്‍ ആര്‍ടിസ്റ്റിനെ കിട്ടാതെ ബുദ്ധിമുട്ടുണ്ടെന്നും ചിലരൊക്കെ ഡിപ്രഷനിലാണെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ജോളി ചിറയത്ത് പറഞ്ഞു. സിനിമ സംവിധാനം ചെയ്യുക എന്ന സ്വപ്‌നം ബാക്കിയാണെന്നും എന്നാല്‍ ഇനി ഈ പ്രായത്തില്‍ വലിയ സ്ട്രസ്സ് എടുക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ കഥകേള്‍ക്കാന്‍ ഒരു പ്രൊഫഷണല്‍ രീതി വേണമെന്നും ജോളി ചിറയത്ത് പറഞ്ഞു.

‘എട്ടും പത്തും വര്‍ഷമായി ഇവിടെയുള്ള എന്റെ സുഹൃത്തുക്കള്‍ തന്നെ ഒരു കഥപറയാനായി ആര്‍ടിസ്റ്റിന്റെ ഡേറ്റ് കിട്ടാനായി അലയുന്നത് കാണുന്നുണ്ട്. ഇനി ആര്‍ടിസ്റ്റിന്റെ ഡേറ്റ് കിട്ടിയാല്‍ ഒരു പ്രൊഡ്യൂസറെ കിട്ടില്ല. ഇത് തമാശയായി പറയാന്‍ പറ്റുന്ന കാര്യമല്ല. സീരയസായി തന്നെ ഇന്‍ഡസ്ട്രി അത് ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യരുടെ കഥകേള്‍ക്കാനായിട്ട് ഒരു പ്രൊഫഷണലായിട്ടുള്ള രീതി വേണം.

ഇവിടെ ഓരോരുത്തര്‍ക്കും ഓരോ കോക്കസുണ്ടാകും. അവര്‍ കൊണ്ടുവരുന്ന കഥകള്‍ മാത്രം കേള്‍ക്കുക. പുറമെ നില്‍ക്കുന്ന ആളുകള്‍ക്ക് ഒരു എന്‍ഡ്രി പോയിന്റ് ഇല്ല എന്നത് വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ച് ഗോഡ്ഫാദേഴ്‌സോ സപ്പോര്‍ടിങ് സിസ്റ്റമോ ഇല്ലാത്ത ആളുകള്‍ക്ക് കഥപറയാന്‍ ആര്‍ടിസ്റ്റിനെ കിട്ടുന്നില്ല. അത് കൊണ്ട് തന്നെ, ഞാനിപ്പോള്‍ ഭയങ്കര നിരുത്സാഹത്തിലാണ്.

കാരണം, എന്റെ കഥകേള്‍ക്കണമെങ്കില്‍ ഒരാള്‍ വേണമല്ലോ. ഇത്രയും വര്‍ഷമായി ഇവിടെയുള്ള അസോസിയേറ്റ് ചെയ്ത് പരിചയമുള്ള ആളുകള്‍ക്ക് പോലും ഇതാണ് അവസ്ഥ. മാത്രവമുല്ല ചെറുപ്പക്കാരായ അവരൊക്കെ ഭയങ്കര ഡിപ്രഷനിലാണ്. അവരുമായി സംസാരിക്കുമ്പോള്‍ അതാണ് മനസ്സിലാകുന്നത്.

അങ്ങനെയൊരു ഫ്രൊഫഷണല്‍ സെറ്റപ്പ് മലയാളം ഇന്‍ഡസ്ട്രിയില്‍ ഇല്ലാത്തിടത്തോളം കാലം നമ്മള്‍ ഫ്രസ്‌ട്രേറ്റഡായിപ്പോകും. എനിക്ക് ഇനി ഈ വയസ്സില്‍ കൂടുതല്‍ സ്ട്രസ് എടുക്കാന്‍ വയ്യ. അതു കൊണ്ട് സിനിമ സംവിധാനം ചെയ്യുക എന്ന ആ സ്വപ്‌നം അങ്ങനെ തന്നെയുണ്ട്, ഇതിന് വേണ്ടി വലിയ സ്ട്രസ് എടുക്കാന്‍ വയ്യ,’ ജോളി ചിറയത്ത് പറഞ്ഞു.

content highlights: Jolly Chirayath on the problems in the Malayalam film industry