കോഴിക്കോട്: സനാതന ധര്‍മ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ വധഭീഷണി ഉയര്‍ത്തിയ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യക്കെതിരെ നടപടി സ്വീകരിക്കാത്തിതില്‍ ആശങ്കയുണ്ടെന്ന് നടി ജോളി ചിറയത്ത്.
ഇടത് വലത് ഭേദമന്യേ പ്രതിഷേധങ്ങളെ മുളയിലെ നുള്ളുന്ന പ്രവണതക്ക് പൊതുജനം വല്ലാതെ കീഴടങ്ങുന്നതിന്റെ ലക്ഷണമുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അവര്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ വര്‍ക്കാരിന് ഗ്രോ വാസു എങ്ങനെയാണ് വെല്ലുവിളിയാവുന്നതെന്ന് മലയാളികള്‍ ഒന്നിരിത്തിചിന്തിക്കണമെന്നും ജോളി ചിറയത്ത് കൂട്ടിച്ചേര്‍ത്തു.
’51ശതമാനം വരുന്ന പ്രതിപക്ഷത്തിന്റെ അനൈക്യം 39 ശതമാനം വോട്ടിന്റെ ബലത്തില്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും മുച്ചൂടും തകര്‍ക്കുന്നവരിലേക്ക് രാജ്യം എത്തി. ഇന്ന് ഏതെങ്കിലും വിധമുള്ള ഒരു പ്രതിഷേധം പോലും ഭരണകൂട അനുമതിയോടെയാണ് നടത്തേണ്ടി വരുന്നത്.
സംഘികള്‍ക്ക് ഉദയനിധി എന്നല്ല, ജനാധിപത്യവാദികള്‍ തന്നെയും ശത്രുക്കളാണ്, പക്ഷേ ഒരു ഇടതുപക്ഷ ഗവണ്‍മെന്റിന് ഗ്രോ വാസുവേട്ടന്‍ എങ്ങനെയാണ് വെല്ലുവിളിയാവുന്നതെന്ന് മലയാളികള്‍ ഒന്നിരിത്തി ചിന്തിക്കണം,’ ജോളി ചിറയത്ത് പറഞ്ഞു.
ജോളി ചിറിയത്തിന്റെ കുറിപ്പിന്റെ പൂര്‍ണരുപം
ഉദയനിധിക്ക് കയ്യടിക്കുന്ന ഒരു ന്യൂനപക്ഷം ഇവിടെയുണ്ടെങ്കിലും ഇതിലൊന്നും ഒരു കൂസലുമില്ലാതെ അലസമായി ജീവിക്കുന്ന മഹാഭൂരിപക്ഷമാണ് നമുക്ക് ചുറ്റും.
യു.പിയിലെ ഒരു വേട്ടാവളിയന്‍ സംഘി സന്യാസിക്ക് പരസ്യമായി, ന്യായത്തിനും സമത്വത്തിനും ജാതിയതെക്കെതിരേയും നിലപാട് പറഞ്ഞ, അതും സാമൂഹ്യ മൂലധനം ധാരാളമുള്ള ഒരു ചെറുപ്പക്കാരനെ കൊല്ലാന്‍ പരസ്യമായി ക്വൊട്ടേഷന്‍ കൊടുക്കാനും അയാളുടെ ചിത്രം വാളില്‍ കോര്‍ത്ത് കത്തിക്കാനും കഴിയുന്നു.
എന്നിട്ട് അതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത ഭരണകൂടങ്ങളെ വെറുതെ ഉറങ്ങാന്‍ വിടുന്ന നമ്മുടെ ആലസ്യം ശരിക്കും നമ്മളെ ഭയപ്പെടുത്തേണ്ടതല്ലേ?
കല്‍ബുര്‍ഗിയും ധബോല്‍ക്കറും ഗൗരിലങ്കേഷും നമ്മളില്‍ ഒരാഘാതവും സൃഷ്ടിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇതൊക്കെ.
ഇടത് വലത് ഭേദമന്യേ പ്രതിഷേധങ്ങളെ മുളയിലെ നുള്ളുന്ന പ്രവണതക്ക് നമ്മള്‍ വല്ലാതെ കീഴടങ്ങുന്നതിന്റെ ലക്ഷണമാണ്. ഇന്ന് ഏതെങ്കിലും വിധമുള്ള ഒരു പ്രതിഷേധം പോലും ഭരണകൂടാനുമതിയോടെയാണ് നടത്തേണ്ടി വരുന്നത്.
അവിടെയാണ് വാസുവേട്ടനെ പോലെയുള്ളവര്‍ നമുക്കൊക്കെ ഒരു പ്രഹസനമായി മാറുന്നതും. 51 ശതമാനം വരുന്ന പ്രതിപക്ഷത്തിന്റെ അനൈക്യം 39ശതമാനംവോട്ടിന്റെ ബലത്തില്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും മുച്ചൂടും തകര്‍ക്കുന്നവരിലേക്ക് എത്തിച്ചു എന്നല്ലാതെ ഇലക്ഷന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.
പറഞ്ഞ് വന്നത്, സംഘികള്‍ക്ക് ഉദയനിധി എന്നല്ല, ജനാധിപത്യവാദികള്‍ തന്നെയും ശത്രുക്കളാണ്, പക്ഷേ ഒരു ഇടതുപക്ഷ ഗവണ്‍മെന്റിന് ഗ്രോ വാസുവേട്ടന്‍ എങ്ങനെയാണ് വെല്ലുവിളിയാവുന്നതെന്ന് മലയാളികള്‍ ഒന്നിരിത്തി ചിന്തിക്കണം.
Content Highlight: Jolly Cheriyath is concerned Jagadguru Paramahamsa Acharya’s death threats against Udayanidhi