| Monday, 14th October 2019, 1:51 pm

തോമസ് സാറും അന്നമ്മ ടീച്ചറും ഉള്ളപ്പോള്‍ എന്തൊരു രസമായിരുന്നു എന്ന് ജോളി ഇടക്കിടെ പറയുമായിരുന്നു; ഞങ്ങളുടെ ചിന്ത തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു; അയല്‍വാസി പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ പങ്ക് വിശ്വസിക്കാനാകാതെ അയല്‍വാസികള്‍. ഒരു തരത്തിലും ഒരു സംശയത്തിനും ഇടനല്‍കാത്ത വിധത്തിലായിരുന്നു ജോളിയുടെ പെരുമാറ്റമെന്നും ജോളി ചേച്ചിയോട് തങ്ങള്‍ക്ക് എല്ലാം സഹതാപമായിരുന്നു എന്നുമാണ് അയല്‍വാസികളുടെ വാക്കുകള്‍.

”സത്യം പറഞ്ഞാല്‍ ജോളി ചേച്ചിയോട് സഹതാപമായിരുന്നു. തോമസ് സാറ് മരിച്ചു, അന്നമ്മ ടീച്ചര്‍ മരിച്ചു. റോയി മരിച്ചു. സഹതാപമായിരുന്നു അവരോട്. പക്ഷേ അവര്‍ക്ക് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നുവെന്ന് ചിന്തിക്കാന്‍ പോലും പറ്റിയില്ല. കല്ലറ തുറക്കുന്ന വെള്ളിയാഴ്ച വരെ ചേച്ചി ഇങ്ങനെ ചെയ്തുവെന്ന് വിശ്വസിച്ചില്ല.

കല്ലറ തുറക്കുന്ന ദിവസം തന്നെ ചേച്ചിയെ ഞാന്‍ നേരിട്ട് കണ്ടിരുന്നു. എന്താണ് പ്രശ്‌നമെന്നും നിങ്ങള്‍ തെറ്റ് ചെയ്തില്ലെങ്കില്‍ പേടിക്കേണ്ടതില്ലല്ലോ എന്നും ചോദിച്ചു. അപ്പോള്‍ പറഞ്ഞത് സാഹചര്യത്തെളിവുകളൊക്കെ എനിക്കെതിരാണെന്നും 14 ദിവസത്തേക്ക് ചിലപ്പോള്‍ റിമാന്‍ഡില്‍ പോകുമെന്നുമാണ് പറഞ്ഞത്.

ചെറിയ മോനെ ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞു. ഞങ്ങളുടെ ചിന്തകളെ തിരിച്ചടാനുള്ള ഓരോ കാര്യങ്ങളായിരുന്നു അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. അന്വേഷണത്തിന്റെ ഒരാഴ്ച മുന്‍പ് ഇവിടെ വന്നിരുന്നു. ഈ വീടിനെ കുറിച്ച് ചോദിച്ചു. എത്ര തുക ചിലവായിട്ടുണ്ടാകും, എത്ര സ്‌ക്വയര്‍ ഫീറ്റ് ഉണ്ട് എന്നൊക്കെ, എനിക്ക് ഇതിന് അടുത്തായി ഒരു വീട് ഉണ്ടാക്കണമെന്നൊക്കെ പറഞ്ഞു. തോമസ് സാറും അന്നമ്മ ടീച്ചറും ഉള്ളപ്പോള്‍ എന്തൊരു രസമായിരുന്നു എന്ന് ഇടക്കിടെ ഞങ്ങളോട് പറയുമായിരുന്നു. ഇപ്പോള്‍ ഇവിടെ ഒരു സുഖവുമില്ലെന്നും വീട്ടില്‍ നില്‍ക്കാന്‍ തോന്നുന്നില്ലെന്നും എല്ലാമായിരുന്നു പറയാറ്.- അയല്‍വാസി മനോരമ ന്യൂസിനോട് പറഞ്ഞു.

പ്രദേശവാസികളുമായി അടുപ്പം സൂക്ഷിച്ചിരുന്ന ജോളി ഇടക്കിടെ വീട്ടില്‍ നടക്കാനിരിക്കുന്ന മരണങ്ങളെ കുറിച്ച് തങ്ങളോട് പറയുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.

വീട്ടില്‍ സംഭവിക്കാന്‍ പോകുന്ന മരണങ്ങളെ കുറിച്ച് ജോളി ഇടയ്ക്കിടെ പറയുമായിരുന്നു. ദൈവം തരുന്നത് കൈനീട്ടി സ്വീകരിക്കുകയല്ലാതെ മറ്റ് വഴികളൊന്നും ഇല്ലെന്നായിരുന്നു അവര്‍ പറയാറ്. – അയല്‍വാസിയായ ആയിഷ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു ദിവസം അന്നമ്മ ടീച്ചറെ കാണാന്‍ ചെന്നപ്പോള്‍ ഊര ഉളുക്കി കിടക്കുകയായിരുന്നു. മൂന്ന് ദിവസമായെന്നും പറഞ്ഞു. അരിചാക്ക് പിടിച്ചപ്പോള്‍ പറ്റി എന്നാണ് പറഞ്ഞത്. അതിന് ശേഷം ടീച്ചറുടെ ആരോഗ്യം ശരിയായിട്ടില്ല. ഓരോ അസുഖങ്ങള്‍ വരും. ഇടയ്ക്കിടെ ആശുപത്രിയില്‍ കൊണ്ടുപോകും.

കുറേ ദിവസം ചികിത്സ തേടിയ ശേഷം ആശുപത്രിയില്‍ നിന്നും തിരിച്ചുവന്നു. ഞാന്‍ കാണാന്‍ പോയിരുന്നു. ഇപ്പോള്‍ കുഴപ്പമൊന്നും ഇല്ലെന്നും പ്രഷര്‍ കൂടിപ്പോയതായിരിക്കുമെന്നും പറഞ്ഞു. ഇനി എന്തെങ്കിലും കുടിച്ച് ശരീരം നന്നാക്കണമെന്നും പറഞ്ഞു. അങ്ങനെയാണ് ആട്ടിന്‍സൂപ്പ് കുടിച്ച് തുടങ്ങിയത്.

ഇതോടെ അന്നമ്മയ്ക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നു തുടങ്ങി. ഇത് അരിഷ്ടം കുടിക്കുന്നതുകൊണ്ടാണെന്നാണ് ജോളി പറഞ്ഞത്. എന്നാല്‍ ഈ സമയത്തും അന്നമ്മയെ കൊല്ലാന്‍ ശ്രമം നടന്നിരുന്നോ എന്നാണ് സംശയിക്കുന്നത്. അതാണ് ആരോഗ്യം നശിക്കാന്‍ കാരണമായിട്ടുണ്ടാകുക. ഇതിന് പിന്നാലെ ആട്ടിന്‍സൂപ്പ് കുടിച്ച് ശരീരം നന്നാക്കാന്‍ അന്നമ്മ ശ്രമിച്ചു. എന്നാല്‍ ആട്ടിന്‍സൂപ്പ് കുടിച്ച് മൂന്നാം ദിവസമാണ് അവര്‍ മരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more