കോഴിക്കോട്: കൂടത്തായ് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍. ജോളിയുടെ അയല്‍വാസി ബിച്ചുണ്ണിയുടെ മരണത്തിലാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത്.
ജോളിയുടെ അയല്‍വാസിയും പ്ലംബറുമായിരുന്ന ബിച്ചുണ്ണിയുടെ മരിക്കുന്നത് ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണായിരുന്നു. മരണത്തില്‍ സംശയമുണ്ടെന്ന് ബിച്ചുണ്ണിയുടെ സഹോദരി ഭര്‍ത്താവ് അന്ന് തന്നെ പോലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.
ജോളിയുടെ ആദ്യഭര്‍ത്താവ് റോയി മരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട ആള്‍ കൂടിയായിരുന്നു ബിച്ചുണ്ണി. ഇതിന് ശേഷമാണ് മറ്റ് മരണങ്ങള്‍ പോലെ ബിച്ചുണ്ണിയും ഭക്ഷണം കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് മരിച്ചത്.
കൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനം. ബിച്ചുണ്ണിയുടെ മരണത്തില്‍ ജോളിയുടെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ ജോളി പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ പേരെ കൊല്ലാന്‍ ശ്രമിച്ചെന്ന് കുടുംബാംഗങ്ങളായ അഞ്ച് പേര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. ജോളി വീട്ടിലെത്തി പോയ ശേഷം ചിലര്‍ക്ക് ചര്‍ദ്ദി തുടങ്ങി. ഭക്ഷ്യവിഷബാധ എന്നാണ് കരുതിയത്. പരിശോധനയില്‍ കറിയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. അതിലെല്ലാം ഇപ്പോള്‍ സംശയമുണ്ടെന്നാണ് അഞ്ച് പേര്‍ മൊഴി നല്‍കിയത്.
നേരത്തെ കൂടുതല്‍ പേരെ താന്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ജോളി പൊലീസിന് മൊഴി നല്‍കിയിരുന്നു. റോയിയുടെ സഹോദരിയുടേയും സഹോദരന്റേയും മക്കളെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായിട്ടായിരുന്നു മൊഴി.
പൊന്നാമറ്റം കുടുംബത്തിലെ രണ്ട് മരണങ്ങളില്‍ കൂടി ദുരൂഹത ഉള്ളതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടോം തോമസിന്റെ രണ്ട് സഹോദരങ്ങളുടെ മക്കളുടെ മരണത്തെ കുറിച്ചായിരുന്നു. സംശയം ഉയര്‍ന്നത്.
അഗസ്റ്റിന്റെ മകന്‍ വിന്‍സെന്റ് 2002 ല്‍ തൂങ്ങി മരിക്കുകയായിരുന്നു. ഡൊമിനിക്കിന്റെ മകന്‍ സുനീഷ് 2008 ല്‍ വാഹനാപകടത്തിലും മരിച്ചു. മരിച്ചവര്‍ക്ക് ജോളിയുമായി അടുത്ത സാമ്പത്തിക ബന്ധവും ഇടപാടും ഉണ്ടായിരുന്നു.
മരിച്ച സുനീഷ് തന്റെ ഡയറിക്കുറിപ്പില്‍ താന്‍ ട്രാപ്പിലാണെന്ന് എഴുതിയിരുന്നു. സുനീഷിന് 10 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നും എന്നാല്‍ ഇത്രയും തുകയുടെ ബാധ്യത എങ്ങനെ വന്നുവെന്ന് തങ്ങള്‍ക്കറിയില്ലെന്നും സുനീഷിന്റെ അമ്മ പറഞ്ഞിരുന്നു.
അന്നമ്മയുടെ മരണത്തിന് ശേഷമായിരുന്നു വിന്‍സെന്റിന്റെ മരണം. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. അന്ന് തന്നെ മൃതദേഹം കിടന്ന നിലയില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് ആത്മഹത്യയാണെന്ന രീതിയില്‍ തള്ളുകയായിരുന്നു.
Content Highlight; Roy Thomas Neighbour Death Controversy