ഹോളിവുഡ് സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജോക്കര്‍; ഫോളി അഡ്യൂ’. 2019ല്‍ പുറത്തിറങ്ങി കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത ജോക്കര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. അന്ന് ആര്‍ റേറ്റഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം സമാനതകള്‍ ഇല്ലാത്ത വിജയമായിരുന്നു നേടിയത്. ടോഡ് ഫിലിപ്പിസ് സംവിധാനം ചെയ്യുന്ന ‘ജോക്കര്‍: ഫോളി അഡ്യൂ’വില്‍ വാക്വിന്‍ ഫീനിക്സ്, ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആര്‍തറായി വോക്കിന്‍ ഫീനിക്‌സ് എത്തുമ്പോള്‍ ഹര്‍ലീന്‍ ക്വിന്‍സല്‍ അഥവാ ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രമായി എത്തുന്നത് ലേഡി ഗാഗയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ ഓസ്‌കര്‍ അടക്കം മികച്ച നടനുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഫീനിക്സ് സ്വന്തമാക്കിയിരുന്നു. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഡി.സിയുടെ ഈ ഹിറ്റ് ചിത്രം വീണ്ടും എത്തുന്നത്. രണ്ടാം ഭാഗമായ ജോക്കര്‍: ഫോളി അഡ്യൂ’വിന്റെ ആദ്യ ട്രെയ്‌ലര്‍ മാസങ്ങള്‍ക്ക് മുമ്പ് പുറത്ത് വിട്ടിരുന്നു.
അന്ന് ആ ട്രെയ്‌ലര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലറുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രണ്ട് മിനിട്ടും 50 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് ഇത്.
ഈയിടെ ‘ജോക്കര്‍: ഫോളി അഡ്യൂ’വിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 20 മിനിട്ടാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിനിമയുടെ ആദ്യഭാഗത്തിന് 2 മണിക്കൂര്‍ 2 മിനിട്ടായിരുന്നു ദൈര്‍ഘ്യം ഉണ്ടായിരുന്നത്.
ജോക്കറിന്റെ രണ്ടാം ഭാഗത്തിനായി റെക്കോഡ് പ്രതിഫലമാണ് വാക്വീന്‍ ഫീനിക്സ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദ്ദേശം 50 മില്ല്യണ്‍ ഡോളര്‍ (367 കോടി രൂപ) ആണ് വാക്വീന്‍ ഫീനിക്സിന് ലഭിച്ച പ്രതിഫലം. ടോഡ് ഫിലിപ്‌സും സ്‌കോട്ട് സില്‍വറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. സാസീ ബീറ്റ്‌സ്, ബ്രെന്‍ഡന്‍ ഗ്‌ളീസണ്‍, കാതറീന്‍ കീനര്‍, ജോക്കബ് ലോഫ് ലാന്‍ഡ്, ഹാരി ലോവ്‌റ്റെ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹില്‍ദുര്‍ ഗുനദോത്തിര്‍ ആണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ലോറന്‍സ് ഷെര്‍ ആണ് സംഗീതം. ജെഫ് ഗ്രോത്ത് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു.