ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള സിനിമാഫ്രാഞ്ചൈസിയാണ് മാര്‍വല്‍, ഡി.സി എന്നിവരുടേത്. സൂപ്പര്‍ഹീറോ ചിത്രങ്ങളിലൂടെ രണ്ട് ഫ്രാഞ്ചൈസികളും ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ചു. കളക്ഷന്റെ കാര്യത്തിലും സിനിമയുടെ ക്വാളിറ്റിയുടെ കാര്യത്തിലും ഇരുകൂട്ടരും തമ്മില്‍ എപ്പോഴും വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോക്‌സ് ഓഫീസില്‍ അത്രകണ്ട് ശോഭിക്കാതിരുന്ന മാര്‍വല്‍, ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനിലൂടെ തിരിച്ചുവന്നിരുന്നു.
R റേറ്റഡ് സിനിമ നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയാണ് ഡെഡ്പൂള്‍ മൂന്നാംവരവില്‍ കരുത്തറിയിച്ചത്. 1.3 ബില്യണാണ് കളക്ട് ചെയ്തത്. ഡി.സിയുടെ R റേറ്റഡ് ചിത്രമായ ജോക്കറിന്റെ കളക്ഷനാണ് മാര്‍വല്‍ ജീസസ് തകര്‍ത്തത്. ഡെഡ്പൂളിന്റെ കളക്ഷന്‍ ജോക്കര്‍ 2 തകര്‍ത്തുമെന്നാണ് ഡി.സി ആരാധകര്‍ വാദിച്ചത്. എന്നാല്‍ ജോക്കര്‍ 2 പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ല. പ്രീമിയര്‍ ഷോ കഴിഞ്ഞപ്പോള്‍ തന്നെ നിരൂപകര്‍ ചിത്രത്തിനെ തള്ളിക്കളഞ്ഞിരുന്നു.
ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത് 2019ല്‍ റിലീസായ ചിത്രമാണ് ജോക്കര്‍. വോകിന്‍ ഫീനിക്‌സ് നായകനായ ചിത്രം ഗോഥം സിറ്റിയുടെ ഏറ്റവും വിലയ വില്ലനായ ജോക്കര്‍ എങ്ങനെ സമൂഹത്തെ വെറുത്തുവെന്ന് കാണിച്ചുതന്നിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡ് വോകിന്‍ ഫീനിക്‌സ് സ്വന്തമാക്കിയിരുന്നു. ജോക്കറിന്റെ രണ്ടാം വരവ് വന്‍ സംഭവാകുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ചിത്രം പാടേ നിരാശപ്പെടുത്തി.
മ്യൂസിക്കല്‍ ഡ്രാമാ ഴോണറില്‍ പുറത്തിറങ്ങിയ ജോക്കറിന്റെ തുടര്‍ഭാഗം ‘ജോക്കര്‍ ഫോളി അഡ്യൂ’ ഇതുവരെ 167 മില്യണ്‍ മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. വോകിന്‍ ഫീനിക്‌സിനൊപ്പം ലേഡി ഗാഗയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഹാര്‍ലി ക്വീന്‍ എന്ന കഥാപാത്രമായാണ് ഗാഗ ജോക്കര്‍ 2വില്‍ പ്രത്യക്ഷപ്പെട്ടത്.
മാര്‍വല്‍ ഫ്രാഞ്ചൈസിയുടെ ഏറ്റവും മോശം ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ‘മാര്‍വല്‍സ്’ നേടിയ കളകഷന്‍ പോലും ഇതുവരെ ജോക്കര്‍ 2വിന് നേടാന്‍ കഴിഞ്ഞിട്ടില്ല. 200 മില്യണ്‍ ബജറ്റിലെത്തിയ ജോക്കര്‍ 2 ബ്രേക്ക് ഇവന്‍ ആകണമെങ്കില്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണം. മാര്‍വല്‍ ആരാധകര്‍ക്ക് മുന്നില്‍ ആകെ പിടിച്ചുനില്‍ക്കാനുണ്ടായിരുന്ന പിടിവള്ളി നഷ്ടപ്പെട്ട നിരാശയിലാണ് ഡി.സി ആരാധകര്‍.
Content Highlight: Joker 2 failed in Box Office