ജോജു ജോർജ് ആദ്യമായി ഡയറക്റ്റ് ചെയ്യുന്ന ‘പണി’ സിനിമയുടെ പാക്കപ്പ് ആയി. കരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോർജ്ജ്. സ്വന്തം രചനയിൽ ആദ്യ സംവിധാനസംരഭവുമായി എത്തുന്നതിന്റെ അടങ്ങാത്ത ആവേശത്തിലാണ് ജോജു ജോർജ്. “അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, കുറച്ചു ഒരുപാട് ടെൻഷൻ നിറഞ്ഞ സമയങ്ങളിലൂടെ കടന്നു പോയെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും’ ജോജു പറഞ്ഞു.
ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രതീക്ഷയും ആവേശവും പ്രേക്ഷകർക്കും കുറച്ചൊന്നുമല്ല. ‘പണി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം 100 ദിവസത്തെ ഷൂട്ട് തൃശൂരിലും ചുറ്റുവട്ടത്തുമാണ് ചിത്രീകരണം നടന്നത്. ‘പണി’യിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക.മാസ്സ്, ത്രില്ലർ, മൂവിയാണിത്.
ഒപ്പം ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ.ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.
1995 ൽ ‘മഴവിൽ കൂടാരം’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമാരംഗത്തേക്ക് എത്തിയ നടനാണ് ജോജു ജോർജ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ, ചെറിയ വേഷങ്ങളിലൂടെ നായകന്മാർക്ക് പുറകിലും സൈഡിലും എതിരെയും നിന്ന ഒരുപിടി ചിത്രങ്ങൾ.
എന്നാൽ 28 വർഷത്തെ അഭിനയ ജീവിതം പൂർത്തിയാക്കുമ്പോൾ, അന്നത്തെ നായകന്മാർക്കൊപ്പം നിന്ന ആ ജൂനിയർ ആർട്ടിസ്റ്റ് ഇന്ന് മുൻനിര നായകനായും, ഗായകനായും, നിർമാതാവായും മലയാള സിനിമയിൽ തന്റെ പേര് സുവർണ്ണ ലിപികൾ കൊണ്ട് എഴുതി ചേർക്കുകയായിരുന്നു.
Content Highlight: Joju goerge’s pani movie’s shooting completed