അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചയാളാണ് ജോജു ജോര്‍ജ്. തുടര്‍ന്ന് ക്യാമറക്ക് മുന്നിലേക്കും ജോജു കടന്നുവന്നു. തുടക്കകാലത്ത് പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ജോജു പിന്നീട് മലയാളസിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നടനെന്ന രീതിയില്‍ വളര്‍ന്നു.
ജോസഫ് എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ജോജു മൂന്ന് സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം തിയേറ്ററിൽ എത്തി വലിയ ശ്രദ്ധ നേടിയ പണി എന്ന സിനിമയിലൂടെ സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചു.
2023ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇരട്ട. നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ഇരട്ട വേഷത്തിൽ ആയിരുന്നു എത്തിയിരുന്നത്. രണ്ടു വ്യത്യസ്ത തലങ്ങളിലുള്ള ഇരട്ട കഥാപാത്രങ്ങൾ ജോജുവിന്റെ കയ്യിൽ ഭദ്രമായിരുന്നു. എന്നാൽ സിനിമ വേണ്ടപോലെ തിയേറ്ററുകളിൽ സ്വീകരിക്കപ്പെട്ടില്ലായിരുന്നു.
ഇരട്ടയെ കുറിച്ച് സംസാരിക്കുകയാണ് ജോജു. ചിത്രം സ്വീകരിക്കപ്പെടാതെ പോയപ്പോൾ വലിയ പ്രയാസം തോന്നി എന്നും മൂന്നുവർഷത്തോളം സമയമെടുത്ത് ചെയ്ത ചിത്രം വിജയമാകാതെ പോയപ്പോൾ തന്റെ ജഡ്ജ്മെന്റ് തെറ്റിപ്പോയെന്നും ജോജു പറയുന്നു.
‘ഇരട്ട വേണ്ട പോലെ സ്വീകരിക്കപ്പെടാതെ പോയപ്പോൾ നല്ല പ്രയാസം തോന്നി. കാശ് പോകുന്നതല്ല വിഷയം, മൂന്ന് വർഷത്തോളം സമയമെടുത്ത് അങ്ങനെയൊരു സിനിമ ചെയ്തിട്ടും ജഡ്ജ്മെന്റ് തെറ്റി പോയപ്പോൾ ഭയം തോന്നി. എന്തായാലും സ്വീകരിക്കപ്പെടുമെന്നും ആ സിനിമയുടെ വാല്യൂ മനസിലാക്കിയുമാണ് ആ സിനിമ തെരഞ്ഞെടുത്തത്. പക്ഷെ സിനിമ പരാജയമായപ്പോൾ വലിയ പ്രയാസം തോന്നി.
പക്ഷെ പിന്നെയത് നെറ്റ്ഫ്ലിക്സിൽ വന്നതിന് ശേഷം 12 രാജ്യങ്ങളിൽ ടോപ്പ് ടെൻ ലിസ്റ്റിൽ ഒരു മാസത്തോളം ഉണ്ടായിരുന്നു. ആ സമയത്ത് വലിയ സന്തോഷം തോന്നി. നമ്മൾ എത്ര നന്നായി വർക്ക് ചെയ്താലും എത്ര ക്രീയേററ്റീവായി എന്ത് ചെയ്താലും നമ്മുടെ ജഡ്ജ്മെന്റ് തെറ്റായി പോയാൽ എല്ലാം തീർന്നു. സിനിമയെ പറ്റി ആര് എന്ത് പറഞ്ഞാലും ഞാൻ അത് സ്വീകരിക്കും. സിനിമ മാത്രം. ബാക്കി എല്ലാ കാര്യത്തിലും ഞാൻ സീറോയാണ്,’ജോജു ജോർജ് പറയുന്നു.
Content Highlight: Joju Gerogee About Iratta Movie