| Wednesday, 20th December 2023, 3:35 pm

എന്നെ സംബന്ധിച്ച് അത് അഭിനയം മാത്രം, ആ സിനിമയുടെ പൊളിറ്റിക്സ് ഞാൻ നോക്കില്ല: ജോജു ജോർജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയെ സിനിമയായി കാണണമെന്നാണ് ജോജു ജോർജ് പറയുന്നത്. സ്വപ്രയത്നത്തിലൂടെ ഇന്ന് അന്യഭാഷയിലടക്കം തിരക്കുള്ള നടനാണ് ജോജു ജോർജ്. നായക നടനായി ഉയർന്ന ശേഷം ജോജു ചെയ്ത കഥാപാത്രങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നായാട്ട് എന്ന ചിത്രം അത്തരത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ സിനിമ സംസാരിക്കുന്ന വിഷയത്തിൽ ചില വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.

അതിനെ കുറിച്ച് സംസാരിക്കുകയാണ് ജോജു. സിനിമയിലെ പൊളിറ്റിക്സിനെ കുറിച്ചൊന്നും താൻ ശ്രദ്ധിക്കാറില്ലെന്നും താൻ അഭിനയത്തിന് മാത്രമാണ് പ്രാധാന്യം കൊടുക്കാറെന്നും ജോജു പറയുന്നു. എല്ലാത്തരത്തിലുള്ള വേഷങ്ങളും തനിക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും അന്തിമഴൈ ടി.വിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ജോജു പറഞ്ഞു.

‘സിനിമയെ സിനിമയായി തന്നെ കാണണം എന്നാണ് എന്റെ അഭിപ്രായം. ഞാൻ അങ്ങനെയാണ് കാണുന്നത്. മലയാളത്തിൽ ഞാൻ ഒരുപാട് വില്ലൻ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. റേപ്പ് ചെയ്യുന്ന അത്രയും മോശം വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ എന്നെ സംബന്ധിച്ച് അതെല്ലാം അഭിനയം മാത്രമാണ്.

ആ സിനിമയുടെ പൊളിറ്റിക്സ് എന്താണ് അല്ലെങ്കിൽ എന്താണ് പൊളിറ്റിക്കൽ കറക്റ്റ്നസ് എന്നൊന്നും ഞാൻ നോക്കാറില്ല. എന്റെ ശ്രദ്ധ മുഴുവൻ ഒരു കാര്യത്തിൽ മാത്രമാണ്. അഭിനയമാണത്.

എനിക്ക് എന്റെ ഐഡിയോളജി മാത്രമേ പറയാൻ കഴിയുള്ളൂ. ബാക്കി ഉള്ളവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് പറയാൻ കഴിയില്ല. അതെല്ലാം അവർക്ക് ശരിയായിരിക്കും. ഞാൻ ഫോക്കസ് ചെയ്യുന്നത് കഥാപാത്രത്തെയും തിരകഥയേയും സംവിധായകരെയുമാണ്.

എത്ര ബ്രൂട്ടലായിട്ടുള്ള വേഷങ്ങളാണെങ്കിലും എന്നെ കൊണ്ട് പറ്റുന്ന പോലെ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇത്രയും കാലം ഞാൻ അഭിനയത്തെ കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് ഇന്ന് ഇവിടെ വരെ ഞാൻ എത്തി നിൽക്കുന്നത്,’ജോജു ജോർജ് പറയുന്നു.

Content Highlight: Joju Geroge Talk About HiS Film Choosing

We use cookies to give you the best possible experience. Learn more