| Friday, 18th December 2020, 3:45 pm

ജൂണിന് ശേഷം അഹമ്മദ് കബീര്‍ പ്രേക്ഷകര്‍ക്ക് 'മധുരം' നല്‍കുന്നു; മധുരത്തെക്കുറിച്ച് പറഞ്ഞ് ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂണ്‍ സിനിമയ്ക്ക് ശേഷം സംവിധായകന്‍ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം മധുരത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങി. നടന്‍ ജോജു ജോര്‍ജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോലഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമാണ് ഷൂട്ടിങ്ങ് ആരംഭിച്ചത്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് മധുരം.

ജോജു ജോര്‍ജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ജോജുവിനെക്കൂടാതെ അര്‍ജുന്‍ അശോക്, നിഖില വിമല്‍, ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്യാമറ ചെയ്യുന്നത് ജിതിന്‍ സ്റ്റാനിസ്‌ലാസാണ്. ആഷിക് അമീര്‍ ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിട്ടുള്ളത്.

എഡിറ്റിംഗ് മഹേഷ് ബുവനെന്തുവും കോസ്റ്റ്യൂം ഡിസൈനിങ് സമീറ ഷനീസും നിര്‍വഹിക്കുന്നു.

കഴിഞ്ഞ ദിവസം ജോജു ജോര്‍ജിനെക്കുറിച്ച് സുനില്‍ വെയ്ന്‍സ് എന്ന യുവാവ് പങ്കുവെച്ച വിവരണം ഏറെ ശ്രദ്ധ നേടിയിരുന്നു. ജോണി ലൂക്കോസുമായി ജോജു നടത്തിയ അഭിമുഖത്തെക്കുറിച്ചാണ് സുനില്‍ വെയ്ന്‍സിന്റെ വിവരണത്തില്‍ പറഞ്ഞിരുന്നത്.

സുഹൃത്തുക്കളില്‍ നിന്ന്/പ്രിയപ്പെട്ടവരില്‍ നിന്ന് തനിക്ക് നേരിട്ട തിരിച്ചറിവുകളുടെയും ചതികളുടെയും അനുഭവകഥകള്‍, കാപട്യമേതുമില്ലാതെ ‘നേരെ ചൊവ്വേ’ എന്ന അഭിമുഖസംഭാഷണത്തില്‍ തുറന്ന് പറഞ്ഞതിന് പിന്നാലെ ആ പരിപാടിയുടെ അവതാരകന്‍ ജോണി ലൂക്കോസ്, ജോജുവിന്റെ മുഖത്ത് നോക്കി ചോദിച്ച ചോദ്യം ഇതായിരുന്നു. ‘ഇത്തരം ചതികളെല്ലാം താങ്കള്‍ക്ക് പറ്റാന്‍..താങ്കള്‍ എന്താ പൊട്ടനായിരുന്നോ’?

പെട്ടെന്നുള്ള ഈ ചോദ്യം കേട്ട ശേഷവും ജോജുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമോ വ്യത്യാസമോ ഒന്നും തന്നെയും ഉണ്ടായില്ല. ചോദ്യം കേട്ടയുടന്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തോളം മാത്രം നീണ്ടുനിന്ന ഹ്രസ്വമായൊരു നിശ്ശബ്ദത.

പിന്നെ സുദീര്‍ഘമായൊരു പൊട്ടിച്ചിരി. ശേഷം, അവതാരകന്റെ പ്രസക്തചോദ്യത്തിന് അയാള്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു. ‘വേണമെങ്കില്‍ അങ്ങനെയും പറയാം സാര്‍. അവരെ ഞാന്‍ വിശ്വസിച്ചത് ഒരുപക്ഷേ എന്റെ ഏറ്റവും വലിയ പൊട്ടത്തരം ആയിരിക്കാം. അതെന്റെ പൊട്ടത്തരം ആണെങ്കില്‍ ഒരുപക്ഷേ ഞാനും ഒരു പൊട്ടനായിരിക്കാം’ അത്രമേല്‍ ലാഘവത്തോടെയാണ് അയാള്‍ അത് പറഞ്ഞവസാനിപ്പിച്ചത്. ഇതായിരുന്നു സുനില്‍ കുറിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joju Georges Madhuram starts rolling

We use cookies to give you the best possible experience. Learn more