| Monday, 1st November 2021, 12:04 pm

ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തു; പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ വൈറ്റിലയില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തു.

മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ഇതിന് പിന്നാലെയാണ് വാഹനത്തില്‍ നിന്നിറങ്ങി ജോജു ജോര്‍ജ് പ്രതിഷേധിച്ചത്. ഇത്രയും ആളുകള്‍ മണിക്കൂറുകളായി ബ്ലോക്കില്‍ കിടക്കുകയാണെന്നും ഇതൊരു ഷോയ്ക്ക് വേണ്ടിയല്ലെന്നുമായിരുന്നു വാഹനത്തില്‍ നിന്നും ഇറങ്ങി നടന്നുകൊണ്ട് ജോജു പറഞ്ഞത്. നിങ്ങള്‍ എന്റെ പിറകെ നടന്ന് വീഡിയോ എടുക്കരുതെന്നും അവിടെ സമരം ചെയ്യുന്നവരോട് ഇതിനെ കുറിച്ച് പോയി ചോദിക്കണമെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രണ്ട് മണിക്കൂറായി ആളുകള്‍ കിടന്ന് കഷ്ടപ്പെടുകയാണെന്നും ഒരു മര്യാദ വേണ്ടേ എന്നും ജോജു ജോര്‍ജ് ചോദിക്കുന്നു. നൂറ് കണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്താണ് അവര്‍ നേടുന്നതെന്നും ജോജു ചോദിച്ചു.

ഇതിന് ശേഷം മറ്റൊരു വാഹനത്തില്‍ കയറാനായി ജോജു പോയിരുന്നു. വാഹനം ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ചിലര്‍ എത്തി വാഹനത്തിന്റെ ചില്ല് തകര്‍ത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more