| Saturday, 2nd November 2024, 12:13 am

'പണി'യെ വിമര്‍ശിച്ച ഗവേഷകനെ ഭീഷണിപ്പെടുത്തി ജോജു ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പണി സിനിമയെ വിമര്‍ശിച്ച ഗവേഷക വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി നടനും സംവിധായകനുമായ ജോജു ജോര്‍ജ്. ഗവേഷക വിദ്യാര്‍ത്ഥിയായ ആദര്‍ശ് എച്ച്.എസിനെയാണ് ജോജു ജോര്‍ജ് ഭീഷണിപ്പെടുത്തിയത്. ഫോണില്‍ വിളിച്ചാണ് ഭീഷണി ഉയര്‍ത്തിയത്.

കഴിഞ്ഞ ദിവസം സിനിമയിലെ റേപ്പ് സീനുകളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ജോജു ജോര്‍ജ് ഗവേഷക വിദ്യാര്‍ത്ഥിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

ഭീഷണിപ്പെടുത്തുന്ന ഓഡിയോ സഹിതം ആദര്‍ശ് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. നിലവില്‍ വ്യാപക വിമര്‍ശനമാണ് ജോജു ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

‘ജോജു ജോര്‍ജ് സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുന്‍പ് വിളിച്ചു. നേരില്‍ കാണാന്‍ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികള്‍ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും.

എന്തായാലും അത്തരം ഭീഷണികള്‍ ഇവിടെ വിലപോവില്ല എന്ന് വിനയപൂര്‍വം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോണ്‍ കോളില്‍ തന്നെ നല്‍കിയതാണ്. ഇവിടെ അത് പങ്കുവെക്കുന്നത് ഇനിയൊരിക്കലും അയാള്‍ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ്,’ എന്നാണ് ആദര്‍ശ് എച്ച്.എസ് ഫേസ്ബുക്കില്‍ കുറിച്ചത്.

പണിയെ വിമര്‍ശിച്ചുകൊണ്ടുള്ള ആദര്‍ശിന്റെ പോസ്റ്റ്:

റേപ്പ് എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയില്‍ അത് ചിത്രീകരിക്കുമ്പോള്‍ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാല്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയില്‍ റേപ്പ് സീന്‍ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ objectify ചെയ്യും വിധവുമാണ്.

എങ്ങനെയാണ് റേപ്പ് ചിത്രീകരിക്കേണ്ടത്? അത് കാണുന്ന പ്രേക്ഷകനില്‍ ആ കുറ്റകൃത്യത്തിന്റെ തീവ്രത ബോധ്യപ്പെടും വിധമാകണം. കാണുന്ന വ്യക്തിക്ക് empathy തോന്നേണ്ടത് ആ റേപ്പ് ചെയ്യപ്പെട്ട വ്യക്തിയോടായിരിക്കണം. പക്ഷേ പണിയില്‍ അത് പഴയ കാല ബി ഗ്രേഡ് സിനിമകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ചെയ്ത് വച്ചിരിക്കുന്നത്. The Rapist പോലെയുള്ള ചിത്രങ്ങള്‍ റഫറന്‍സ് ആയി സ്വീകരിച്ചാല്‍ എങ്ങനെയാണ് rape portray ചെയ്യേണ്ടത് എന്നതില്‍ വ്യക്തത ലഭിക്കുന്നതാണ്.

ഇനി സിനിമയിലേക്ക് വന്നാല്‍, പഴയ ഷാജി കൈലാസ് മാസ്സ് പടങ്ങളുടെ മാതൃകയിലെടുക്കണോ അതോ അങ്കമാലി ഡയറീസില്‍ ലിജോ സ്വീകരിച്ചത് പോലെയൊരു സമീപനം വേണമോയെന്ന ആശയകുഴപ്പം ഉടനീളം പ്രകടമാണ്. ഒടുവില്‍ രണ്ടുമല്ലാത്ത ഒരു അവിഞ്ഞ പരുവത്തിലാണ് സിനിമ പുറത്തു വരുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്കുന്ന ആര്‍ട്ടിഫിഷ്യല്‍ ആയ കഥപറച്ചില്‍ രീതിയാണ് മറ്റൊരു പ്രശ്‌നം.മേക്കിങ് ക്വാളിറ്റിയിലും ഇതേ പ്രശ്‌നം കാണാം.

കഥ നടക്കുന്നത് തൃശൂരാണെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടാണ് ആദ്യം മുതല്‍. ചിലയിടങ്ങിളിലൊക്കെ മമ്മൂട്ടിയുടെ ബ്‌ളാക്ക് സിനിമയുടെ മാതൃകകള്‍ സൃഷ്ടിക്കാനുള്ള ശ്രമവും കാണാം. സിനിമയിലെ ആകെ engaging കഥാപാത്രങ്ങള്‍ സാഗറും ജുനൈസും ചെയ്ത വില്ലന്‍ വേഷമാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ വഴിയേ പോകുന്ന സീമ വരെ പിള്ളേരുടെ കൈ ചവിട്ടിയോടിക്കുന്നത് അത് വരെ build ചെയ്ത് വന്ന ആ കഥാപാത്രങ്ങളുടെ attitude നശിപ്പിക്കുന്നുണ്ട്.

ജോജു ഉടനീളം ഒരു കാറുമെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും തെക്ക് വടക്ക് പറപ്പിക്കുന്നുണ്ട്. പോക്ക് കണ്ടാല്‍ ഇപ്പോള്‍ മലമറിക്കുമെന്ന് തോന്നുമെങ്കിലും വില്ലന്മാര്‍ കൊന്ന് തള്ളുന്നവരെ പെറുക്കി ആശുപത്രിയില്‍ കൊണ്ട് പോവുക എന്ന ആംബുലന്‍സ് ഡ്രൈവറുടെ പണി മാത്രമാണ് അയാള്‍ക്കുള്ളത്.

അഭിനയത്തിലും പഴയ സിനിമകളുടെ അതേ മാതൃകയാണ് ജോജു. ആകെയുള്ളൊരു ആശ്വാസം ജോജുവിന്റെ ഒപ്പം നടന്ന് അഭിനയിച്ചു വെറുപ്പിക്കുന്നവരെയൊക്കെ വില്ലന്മാര്‍ കൃത്യമായ ഇടവേളകില്‍ കൊന്ന് ശല്യം തീര്‍ത്തു തരുന്നു എന്നുള്ളത് മാത്രമാണ്.

ഈ സിനിമാ All Kerala Pensioners Goonda Association അംഗങ്ങള്‍ക്ക് ഫ്രീ ടിക്കറ്റ് നല്‍കി കാണിക്കണം. തങ്ങള്‍ ചെയ്തിരുന്ന തൊഴില്‍ എത്ര ബോറ് ആയിരുന്നു എന്ന് അവര്‍ക്ക് ശിഷ്ടകാലം പശ്ചാതാപം തോന്നി എരിഞ്ഞു ജീവിക്കണം.

Content Highlight: Joju George threatened the researcher who criticized ‘Pani’ movie

We use cookies to give you the best possible experience. Learn more