| Tuesday, 22nd October 2024, 1:20 pm

സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിച്ചപ്പോഴും ആ സൂപ്പര്‍സ്റ്റാര്‍ ചിത്രം ഒഴിവാക്കാന്‍ തോന്നിയില്ല: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ആദ്യ സംവിധാന ചിത്രമായ പണിക്ക് വേണ്ടി എടുത്ത ഇടവേളയില്‍ തനിക്ക് നഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് ജോജു ജോര്‍ജ്. തനിക്ക് നഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ഒരുപാടുണ്ടെന്നും പലതും മികച്ച കഥാപാത്രങ്ങളും മികച്ച സിനിമകളുമായിരുന്നെന്നും നടന്‍ പറയുന്നു.

മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്. ജോജു ആദ്യമായി രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിടുന്നത് ജോജു തന്നെയാണ്.

ഇടവേളയെടുത്ത സമയത്ത് തന്നെയായിരുന്നു കമല്‍ഹാസന്‍ – മണിരത്നം ടീമിന്റെ തഗ് ലൈഫ് എന്ന സിനിമയിലേക്ക് അവസരം ലഭിക്കുന്നതെന്നും എന്നാല്‍ അത് ഒഴിവാക്കാന്‍ തനിക്ക് തോന്നിയില്ലെന്നും ജോജു പറയുന്നു.

‘പണി സിനിമയുടെ സംവിധാനത്തിനായി ഞാന്‍ എടുത്ത ഇടവേളയില്‍ എനിക്ക് നഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ഒരുപാടുണ്ട്. പലതും മികച്ച കഥാപാത്രങ്ങളും മികച്ച സിനിമകളുമായിരുന്നു. പക്ഷേ എന്റെ മുന്നില്‍ അതല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല.

എനിക്ക് എന്റെ സിനിമയുടെ സംവിധാനത്തിനായി സമയം മാറ്റിവച്ചേ മതിയാകുകയുള്ളൂ. ഇതേ സമയത്ത് തന്നെയാണ് കമല്‍ഹാസന്‍ – മണിരത്നം ടീമിന്റെ തഗ് ലൈഫ് എന്ന സിനിമയിലേക്ക് എനിക്ക് അവസരം ലഭിക്കുന്നത്. പക്ഷെ അത് ഒഴിവാക്കാന്‍ എനിക്ക് തോന്നിയില്ല.

അതേസമയം, ബാക്കി പല സിനിമകളുടെയും കഥപോലും കേള്‍ക്കാതെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. കാര്‍ത്തിക് സുബ്ബരാജ് – സൂര്യ ടീമിന്റെ ഒരു പടം ഇപ്പോള്‍ ഞാന്‍ ചെയ്യുന്നുണ്ട്. മറ്റു ചില അന്യഭാഷാ ചിത്രങ്ങളുടെയും ചര്‍ച്ച പുരോഗമിക്കുന്നുണ്ട്,’ ജോജു ജോര്‍ജ് പറഞ്ഞു.

മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രത്തില്‍ അറുപതോളം പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്.

ഒരു മാസ്, ത്രില്ലര്‍, റിവഞ്ച് ഴോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ.ഡി. സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം. റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Joju George Talks About Thug Life Movie

We use cookies to give you the best possible experience. Learn more