ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിടുന്നത് ജോജു ജോര്‍ജ് തന്നെയാണ്. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് ജോജു പണിയുടെ സംവിധാനത്തിലേക്ക് ഇറങ്ങിയത്.
ആ ഇടവേളയില്‍ തനിക്ക് നഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് ജോജു ജോര്‍ജ്. ഒരുപാട് കഥാപാത്രങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും പലതും മികച്ച കഥാപാത്രങ്ങളും സിനിമകളുമായിരുന്നെന്നും നടന്‍ പറയുന്നു. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു.
‘ഒരുപാടുണ്ട്. പലതും മികച്ച കഥാപാത്രങ്ങളും സിനിമകളുമായിരുന്നു. പക്ഷേ, സംവിധാനത്തിനായി സമയം മാറ്റിവച്ചേ മതിയാകൂ. ഈ സമയത്താണ് കമല്‍ഹാസന്‍ – മണിരത്‌നം ടീമിന്റെ തഗ് ലൈഫിലേക്ക് അവസരം ലഭിക്കുന്നത്. അത് ഒഴിവാക്കാന്‍ തോന്നിയില്ല.
ബാക്കി പല ചിത്രങ്ങളുടെയും കഥപോലും കേള്‍ക്കാതെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. കാര്‍ത്തിക് സുബ്ബരാജ്- സൂര്യ ടീമിന്റെ ഒരു ചിത്രം ഇപ്പോള്‍ ചെയ്യുന്നുണ്ട്. മറ്റു ചില അന്യഭാഷാ ചിത്രങ്ങളുടെയും ചര്‍ച്ച പുരോഗമിക്കുകയാണ്,’ ജോജു ജോര്‍ജ് പറഞ്ഞു.
പണിയില്‍ നായികയായി എത്തുന്നത് അഭിനയയാണ്. മുന്‍ ബിഗ്‌ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അറുപതോളം പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്.
ഒരു മാസ്, ത്രില്ലര്‍, റിവഞ്ച് ഴോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ.ഡി. സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം. റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Joju George Talks About The Characters He Lost During The Break For His Pani Movie