ജോഷി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. ആ ചിത്രത്തിലേക്ക് താന്‍ വന്നതിനെ കുറിച്ചും സംവിധായകന്‍ ജോഷിയോടുള്ള കടപ്പാടിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. ജോസഫ് എന്ന സിനിമയുടെ പോസ്റ്റര്‍ കണ്ടിട്ടാണ് ജോഷി തന്നെ സിനിമയിലേക്ക് വിളിച്ചതെന്നും ജോജു പറഞ്ഞു.
ഇത്തരത്തിലൊക്കെ അഭിനയിക്കാന്‍ തനിക്ക് അറിയാമെന്ന് കാണിച്ച് തന്നത് ജോഷിയാണെന്നും അങ്ങനെയാണ് തന്റെ കഴിവ് തിരിച്ചറിയാന്‍ തനിക്ക് പോലും സാധിച്ചതെന്നും ജോജു പറഞ്ഞു. ഇനി അത്തരത്തിലുള്ള സിനിമ ആഗ്രഹിക്കുന്നത് അധികപറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘ജോഷി സാറുമായി ഒരുപാട് കഥകളുണ്ട്. ചാന്‍സ് ചോദിച്ച് നടന്നതും ദൂരെ നിന്ന് നോക്കിയതും അങ്ങനെ ഒരുപാട്. ജോസഫ് സിനിമയുടെ പോസ്റ്റര്‍ കണ്ടിട്ടാണ് എന്നെ സാര്‍ പൊറിഞ്ചുവിലേക്ക് വിളിക്കുന്നത്. എന്നെ തന്നെ പേടിപ്പിച്ചൊരു കാര്യമാണത്. നീ ചെയ്താല്‍ ശരിയാകുമെന്ന് എന്നെ തന്നെ തോന്നിപ്പിച്ച ഒരു കാര്യമാണത്. സാറിന് നന്ദി(കരയുന്നു).
അങ്ങനെ എന്നെ ആ സിനിമയില്‍ കാസ്റ്റ് ചെയ്തു. ഇങ്ങനെയൊക്കെയും എനിക്ക് അഭിനയിക്കാമെന്ന് മനസിലാവുകയും ചെയ്തു. അഭിനയത്തിന്റെ വേറൊരു തലം കാണിച്ച് തന്നത് സാറാണ്. ഇനിയും അങ്ങനെയൊരു സിനിമ അഗ്രഹിക്കുന്നത് അധികപറ്റായി പോകും. കാരണം എനിക്ക് ഷോലെയാണ് പൊറിഞ്ചു. സിനിമയിലെ അവസാനത്തെ ഫൈറ്റ് സീനൊക്കെ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് എന്റെ ചെറിയ കൊച്ചൊക്കെയാണ്.
എല്ലാ സ്റ്റേജിലും സ്ട്രഗിള്‍ ചെയ്തിട്ടുള്ള ഒരാളാണ് ഞാന്‍. ചാന്‍സ് ചോദിച്ച് നടന്നപ്പോഴും സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോഴുമൊക്കെ ഈ സ്ട്രഗിള്‍ എനിക്കുണ്ടായിരുന്നു. ഭാഗ്യം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രമാണ് ഇതൊക്കെ സംഭവിക്കുന്നത്. ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചു എന്ന് പറയുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം,’ ജോജു ജോര്‍ജ് പറഞ്ഞു.
content highlight: joju george talks about porinju mariyam jose movie and director joshy