പണി സിനിമയെ കുറിച്ച് റിവ്യൂ പങ്കുവെച്ച ആദര്‍ശ് എന്ന ഗവേഷണ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയ വിവാദത്തെ കുറിച്ച് സംസാരിക്കുകയാണ് ജോജു ജോര്‍ജ്. ആ വിവാദം ഒഴിവാക്കേണ്ടതായിരുന്നെന്നും തന്നെയും തന്റെ കുടുംബത്തെയും അത് വല്ലാതെ ബാധിച്ചെന്നും ജോജു പറയുന്നു. അഭിപ്രായസ്വാതന്ത്ര്യം ഉള്ളൊരാളെ താന്‍ ക്രൂശിച്ചു എന്ന രീതിയിലാണ് ആ വിഷയം വ്യാഖ്യാനിക്കപ്പെട്ടതെന്നും എന്നാല്‍ താന്‍ ഒരിക്കലും അഭിപ്രായസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തും പറയാമെന്നും എന്നാല്‍ അത് തന്നെ ബാധിക്കാന്‍ പാടില്ലെന്നും പറഞ്ഞ ജോജു താന്‍ ഒരു കാര്യം ഉദ്ദേശിച്ച് ചെയ്തത് ആ രീതിയില്‍ വര്‍ക്ക് ഔട്ട് ആയോ എന്ന് മാത്രമാണ് ചിന്തിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. നേരെ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.
‘ആ വിവാദം ഒഴിവാക്കേണ്ടതായിരുന്നു. എന്റെ ജീവിതത്തില്‍ വേണ്ടാത്ത ഒന്നായിരുന്നു അത്. എന്നാല്‍ അത് വ്യാഖ്യാനിക്കപ്പെട്ടത് ഒരു റിവ്യൂ പറഞ്ഞ ആളെ, എനിക്ക് മുന്‍പരിചയമില്ലാത്ത ഒരാളെ ഭീഷണിപ്പെടുത്തി എന്ന രീതിയിലായിരുന്നു. ആ കോളിന്റെ ഇടക്ക് നിന്നുള്ള ഞാന്‍ സംസാരിച്ചതല്ലേ നിങ്ങള്‍ കേള്‍ക്കുന്നുള്ളു. ഞാന്‍ അതില്‍ അസഭ്യമായിട്ട് തെറി പറയുകയോ അങ്ങനെ ഒന്നും ചെയ്തിട്ടില്ലെന്നാണ് എന്റെ വിശ്വാസം.
എന്നാലും അത് ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. അത് എന്നെ വല്ലാതെ ബാധിച്ചിരുന്നു. ആ കാരണം എന്റെ കുടുംബത്തെയെല്ലാം അഫക്ട് ചെയ്തു. അഭിപ്രായസ്വാതന്ത്ര്യം ഉള്ളൊരാളെ ഞാന്‍ ചോദ്യം ചെയ്തു എന്ന രീതിയിലാണ് എന്നെ എല്ലാവരും ക്രൂശിക്കുന്നത്. പക്ഷെ അഭിപ്രായസ്വാതന്ത്ര്യം ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അതിനെ കുറിച്ച് അഭിപ്രായം പറയാം. എല്ലാ കാര്യങ്ങളും പറയാം. എന്നാല്‍ എന്നെ ബാധിക്കാന്‍ പാടില്ല എന്നതാണ് എന്റെ കാര്യം. ഞാന്‍ ഒരു കാര്യം ഉദ്ദേശിച്ച് ചെയ്തത് ആ രീതിയില്‍ വര്‍ക്ക് ഔട്ട് ആയോ എന്ന് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. ഞാന്‍ ഉദ്ദേശിക്കാത്തൊരു കാര്യം അവര്‍ ചര്‍ച്ച ചെയ്തിട്ട് അത് ശരിയായില്ല എന്ന് പറഞ്ഞു കഴിഞ്ഞാല്‍, ഞാന്‍ അത് ചിന്തിച്ചിട്ടില്ല. അതാണ് ആ വിഷയത്തില്‍ എന്റെ ഒരു ഭാഗം ഉള്ളത്,’ ജോജു ജോര്‍ജ് പറയുന്നു.
Content Highlight: Joju George Talks About Pani Movie Controversy