തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെ ഡിലീറ്റ് ചെയ്യാന്‍ ഉണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. ഓഫ് റോഡ് റെയ്‌സ് കേസിന് ശേഷം താന്‍ പരസ്യങ്ങള്‍ക്കോ ഉദ്ഘാടനത്തിനോ ഒന്നും പോകാറില്ലെന്നും വണ്‍ മില്യണ്‍ ഉണ്ടായിരുന്ന തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പോലും ഡിലീറ്റ് ആക്കിയെന്നും ജോജു പറഞ്ഞു. നേരെ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.
‘ഇരട്ട സിനിമ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഞാന്‍ ഓഫ് റോഡ് ചെയ്തു. ഞാന്‍ ഓഫ് റോഡ് ചെയ്യുന്ന ഒരാളാണ്. എനിക്ക് ഓഫ് റോഡ് വണ്ടിയെല്ലാം ഉണ്ട്. ബേസിക്കലി ഈ കാടും പരിസരങ്ങളൊക്കെയാണ് എന്റെ ടേസ്റ്റില്‍ ഉള്ള സ്ഥലങ്ങള്‍. എന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് വണ്ടിയോടിച്ച് യാത്ര ചെയ്യുന്നതും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളില്‍ ഒന്നാണ്.
ഞാന്‍ അങ്ങനെ ഇരിക്കുന്ന സമയത്ത് ഓഫ് റോഡ് ഇഷ്ടപ്പെടുന്ന എന്റെ കുറച്ച് സുഹൃത്തുക്കള്‍ എന്നോട് വന്ന് പറഞ്ഞു ഇവിടെ ഒരു പ്രോഗ്രാം ഉണ്ട് ഓഫ് റോഡ് റെയ്സാണ് ഒന്ന് വന്ന് ഉദ്ഘാടനം ചെയ്യണം എന്ന്. ഞാന്‍ അവിടെ തൊട്ടടുത്താണ്, എനിക്ക് ചെയ്യാന്‍ പറ്റുന്നതുമാണ്. അവര്‍ എന്തിനാണ് ഈ പരിപാടി നടത്തുന്നതെന്ന് വെച്ചാല്‍ അവരുടെ കൂടെയുള്ള ഒരാളുടെ മകളുടെ വിവാഹത്തിന് വേണ്ടിയിട്ടാണ്. അദ്ദേഹം മരിച്ച് പോയതായിരുന്നു.
ആ ഒരു ഉദ്ദേശത്തോടെയാണ് അവര്‍ ആ പരിപാടി നടത്തുന്നത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ വരാമെന്ന് പറയുകയും അവര്‍ക്ക് 25,000 രൂപ കൊടുക്കുകയും ചെയ്തിരുന്നു. ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ എന്റെ വണ്ടി ഓഫ് റോഡ് വേണ്ടിയാണല്ലോ അത് തന്നെ ഓടിച്ച് ഉദ്ഘാടനവും നടത്തി. അതിന് ശേഷം ഞാന്‍ വീട്ടില്‍ വന്നു. ഇപ്പോഴും നടക്കുന്നുണ്ട് നാല് കേസ്.
അന്ന് വന്ന വാര്‍ത്തകളുടെ തലക്കെട്ടുകളെല്ലാം എന്റെ അഭ്യാസ പ്രകടനങ്ങള്‍ എന്നാണ്. ഞാന്‍ ഇത് എത്ര പേരോട് പറയും അങ്ങനെയല്ലെന്ന്. ഇത് ചെയ്യുന്നതിന് മുമ്പ് വയ്യാവേലിയാണെന്ന് അറിഞ്ഞാല്‍ നമ്മള്‍ പോകില്ലലോ. അതിന് ശേഷം ഞാന്‍ പരസ്യം, ഉദ്ഘാടനം തുടങ്ങിയ ഒരു പരിപാടികളിലും പോകാറില്ല. ഒരു മില്യണ്‍ ആയ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെ ഒരു സമയത്ത് ഞാന്‍ ഡിലീറ്റ് ചെയ്ത് കളഞ്ഞതായിരുന്നു. ഇടക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മാത്രം ഓണ്‍ലൈനില്‍ കേറി നോക്കും എന്നല്ലാതെ സോഷ്യല്‍ മീഡിയ ഒന്നും ഇല്ലാത്തൊരാളാണ് ഞാന്‍,’ ജോജു ജോര്‍ജ് പറയുന്നു.
Content Highlight: Joju George Talks About Off Road Race Case