|

അവര്‍ നാലുപേരും ഞാന്‍ കണ്ടുവളര്‍ന്ന സൂപ്പര്‍സ്റ്റാറുകള്‍; അവരോട് പറഞ്ഞാണ് പണിയുടെ ഷൂട്ടിങ്ങ് തുടങ്ങിയത്: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയാണ്. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് ജോജു ഈ സിനിമയുടെ സംവിധാനത്തിലേക്ക് ഇറങ്ങിയത്.

മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും സുരേഷ് ഗോപിയും താന്‍ കണ്ട് വളര്‍ന്ന സൂപ്പര്‍സ്റ്റാറുകളാണെന്നും. അവരുടെ അടുത്ത് പോയി പറഞ്ഞ ശേഷമാണ് പണിയുടെ ഷൂട്ടിങ്ങ് തുടങ്ങിയതെന്നും പറയുകയാണ് ജോജു ജോര്‍ജ്. സിനിമയുടെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍.

മമ്മൂട്ടി ഈ സിനിമ കണ്ടുവെന്നും അദ്ദേഹത്തിന് ഇഷ്ടമായെന്നും ജോജു പറയുന്നു. അദ്ദേഹം പണ്ട് മുതല്‍ക്കേ സിനിമയില്‍ ഉള്ള ചെറിയ ആളുകളെ ഗൗനിക്കുന്ന ആളാണെന്നും അദ്ദേഹത്തിന് പരിചയമില്ലെങ്കില്‍ പോലും നന്നായി പ്രോത്സാഹിപ്പിക്കുമെന്നും ജോജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

‘മമ്മൂക്കക്ക് സിനിമ ഇഷ്ടപ്പെട്ടു. അദ്ദേഹം എപ്പോഴും സിനിമയില്‍ ഉള്ള ചെറിയ ആളുകളെ എല്ലാവരെയും ഗൗനിക്കുന്ന ആളാണ്. പണ്ട് മുതല്‍ക്കേ അങ്ങനെ തന്നെയാണ്. പുതിയ ഒരു ഡയറക്ടറായിട്ടാണ് ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നത്.

ഇനി എന്നെ അദ്ദേഹത്തിന് പരിചയമില്ലെങ്കില്‍ പോലും അദ്ദേഹം നന്നായി പ്രോത്സാഹിപ്പിക്കും. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഏറ്റവും കൂടുതല്‍ ആസ്വദിച്ച ആളാണ് ഞാന്‍. മമ്മൂക്ക പണിയുടെ ഫസ്റ്റ് ഹാഫ് കണ്ടു. സെക്കന്റ് ഹാഫ് അദ്ദേഹത്തെ കാണിക്കാന്‍ എനിക്ക് സാധിച്ചില്ല.

ഇന്നലെ ആയിരുന്നു സെക്കന്റ് ഹാഫിന്റെ മിക്‌സ് ഔട്ട് എടുത്തത്. ഫസ്റ്റ് ഹാഫ് നേരത്തെ തന്നെ നമ്മള്‍ ലോക്ക് ചെയ്തിരുന്നു. അതുകൊണ്ട് അത് മാത്രമേ മമ്മൂക്കയെ കാണിക്കാന്‍ പറ്റിയുള്ളൂ. ഇക്കയെ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു.

മമ്മൂക്ക, ലാലേട്ടന്‍, ജയറാമേട്ടന്‍, സുരേഷേട്ടന്‍ തുടങ്ങി ഞാന്‍ കണ്ട് വളര്‍ന്ന സൂപ്പര്‍സ്റ്റാറുകളുടെ അടുത്ത് പോയി പറഞ്ഞിട്ടാണ് ഞാന്‍ പണിയുടെ ഷൂട്ടിങ്ങ് തുടങ്ങിയത്,’ ജോജു ജോര്‍ജ് പറഞ്ഞു.

Content Highlight: Joju George Talks About Mammootty, Mohanlal, Jayaram And Suresh Gopi