| Sunday, 20th October 2024, 11:05 am

എന്നെ ഒരുപാട് അമ്പരപ്പിച്ച നടി; അവരുടെ അഭിനയം കാണുമ്പോള്‍ ഒരിക്കലും അങ്ങനെ തോന്നില്ല: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിടുന്നത് ജോജു ജോര്‍ജ് തന്നെയാണ്. പണിയില്‍ നായികയായി എത്തുന്നത് തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ അഭിനയയാണ്.

ജന്മനാ കേള്‍ക്കാനും സംസാരിക്കാനും കഴിയാത്തയാളാണ് അഭിനയ. എന്നാല്‍ അഭിനയത്തോടുള്ള പാഷന്‍ കാരണം സിനിമയിലെത്തുകയും അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. കുട്രം 23, മാര്‍ക്ക് ആന്റണി, എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെയാണ് നടി ശ്രദ്ധേയയായത്.

പണി സിനിമയിലേക്ക് മറ്റു പല നടിമാരെയും ആദ്യം സമീപിച്ചിരുന്നെന്നും അവസാനമാണ് അഭിനയയെ കണ്ടെത്തുന്നതെന്നും പറയുകയാണ് ജോജു. തന്നെ ശരിക്കും അമ്പരപ്പിച്ച അഭിനേത്രിയാണ് അഭിനയയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു.

‘ഈ സിനിമയിലേക്ക് മറ്റു പല നടിമാരെയും ആദ്യം സമീപിച്ചിരുന്നു. പക്ഷേ, ഒന്നും ഫൈനല്‍ ആയില്ല. ഒടുവിലാണ് അഭിനയയെ കണ്ടെത്തുന്നത്. എന്നെ ശരിക്കും അമ്പരപ്പിച്ച അഭിനേത്രിയാണ് അവര്‍. സംസാരിക്കാനോ കേള്‍ക്കാനോ സാധിക്കില്ലെന്ന് അവരുടെ അഭിനയം കാണുമ്പോള്‍ ഒരിക്കല്‍ പോലും തോന്നില്ല. എന്റെ കൈ ചലനങ്ങള്‍ കണ്ടാണ് അവര്‍ ഓരോ ഷോട്ടിലും അഭിനയിച്ചിരിക്കുന്നത്,’ ജോജു ജോര്‍ജ് പറഞ്ഞു.

പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചുകൊടുക്കുന്നതുമായ സംഭവങ്ങളാണ് ഈ സിനിമയിലൂടെ താന്‍ പറയുന്നതെന്നും കണ്ടതും കേട്ടതുമായ ഒരുപാട് സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയാറാക്കിയ കഥയാണ് ഇതെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചുകൊടുക്കുന്നതുമായ സംഭവങ്ങളാണ് ഈ സിനിമ. കണ്ടതും കേട്ടതുമായ ഒരുപാട് സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയാറാക്കിയ കഥയാണ്. എന്റെ നാട് തൃശൂരാണ്.

അതുകൊണ്ടുതന്നെ തൃശൂരില്‍ എനിക്കു പരിചിതമായ സ്ഥലങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞുപോകുന്നത്. മുമ്പ് സഹസംവിധായകനായിരുന്ന കാലം മുതല്‍ ഒരു സിനിമ ചെയ്യണമെന്ന അതിയായ ആഗ്രഹം മനസിലുണ്ടായിരുന്നു.

അതിനുവേണ്ടിയുള്ള പഠനവും പരിശ്രമവുമെല്ലാം ഒരുവശത്ത് നടക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ സംവിധാനമോഹവുമായി ഇറങ്ങിത്തിരിച്ച സമയത്താണ് ‘ജോസഫ്’ എന്ന ചിത്രം സംഭവിക്കുന്നത്. . പിന്നീടാണ് ഈ കഥ ഉണ്ടാകുന്നത്. ഒരു വര്‍ഷത്തോളം അഭിനയത്തില്‍നിന്ന് ഇടവേള എടുത്താണ് സംവിധാനത്തിലേക്ക് ഇറങ്ങിയത്,’ ജോജു ജോര്‍ജ് പറഞ്ഞു.

Content Highlight: Joju George Talks About Abhinaya And Pani Movie

We use cookies to give you the best possible experience. Learn more